എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ മകനാണെന്ന് അവകാശവാദവുമായി യുവാവ് രംഗത്ത്; ജയലളിതയെ ശശികല പടികള്‍ക്ക് മുകളില്‍ നിന്നും തള്ളി താഴെയിടുകയായിരുന്നുവെന്നും യുവാവ്
എഡിറ്റര്‍
Wednesday 15th March 2017 9:11am

ചെന്നൈ: ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി ഒരു യുവാവും രംഗത്തെത്തി. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

താന്‍ ജയലളിതയുടെ ഏക മകനാണെന്നും ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. 2016 സെപ്തംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിജയലളിതയെ താന്‍ കണ്ടിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു.

ജയളിതയോടൊപ്പം നാലു ദിവസം താന്‍ താമസിച്ചിരുന്നു. താന്‍ മകനാണെന്ന കാര്യം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജയലളിതയും ശശികലയും തമ്മില്‍ വാക്കേറ്റം നടക്കുകയും ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തുവെന്നും ഇങ്ങനെ പടികള്‍ക്കു മുകളില്‍നിന്ന് താഴെവീണാണ് ജയലളിതയ്ക്ക് പരിക്കേറ്റതെന്നും ഇയാള്‍ പറയുന്നു.


Also Read:നീതിക്കായി കൈകോര്‍ത്ത് കേരളം; മിഷേലിന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധ കൂട്ടായ്മകള്‍


 

പേടി മൂലമാണ് ഈ കാര്യങ്ങള്‍ താന്‍ മുന്‍പ് പുറത്തു പറയാതിരുന്നത്. എന്നാല്‍ പിന്നീട് സത്യം വെളിപ്പെടുത്താന്‍ തയ്യാറാവുകയുമായിരുന്നു. ജയലളിതയുടെ ഏക മകനായ താനാണ് അവരുടെ സ്വത്തുക്കളുടെയെല്ലാം അവകാശിയെന്നും ഇയാള്‍ പറയുന്നു.

എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് പ്രിയാലക്ഷ്മി എന്നൊരു യുവതി അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജ അവകാശവാദമാണെന്ന് പോലീസ് കണ്ടെത്തുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

Advertisement