കോയമ്പത്തൂര്‍: 29കാരനെ പട്ടാപ്പക്കല്‍ കുത്തിക്കൊന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കോയമ്പത്തൂര്‍ പോലീസ് സ്‌റ്റേഷനടുത്തായിരുന്നു സംഭവം നടന്നത്. സ്‌റ്റേഷനടുത്തുള്ള ക്യാമറയില്‍ പതിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതികളും കൊലചെയ്യപ്പെട്ടയാളും തമ്മില്‍ ബാറില്‍വച്ചുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പെയിന്റിംങ് ജോലി ചെയ്യുന്ന സന്തോഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പിറകേ ബൈക്കുമായി വന്ന ഇവര്‍ വണ്ടികൊണ്ട് ഇടിക്കുകയും പിന്നീട് റോഡിലൂടെ വലിച്ച് കൊണ്ടുപോയി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

തിരക്കുള്ള ഒരു തെരുവിലെ ബസ്റ്റാന്റിനടുത്ത് നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്. പൊതുജനങ്ങളാരും തന്നെ ഇയാളെ രക്ഷിക്കാനായി മുന്നോട്ടുവന്നിരുന്നില്ല.

അരമണിക്കൂറിനുശേഷം പോലീസെത്തിയാണ് സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.