കൊച്ചി: ജനറല്‍ ആശുപത്രിയില്‍ ലഹരി വിമുക്ത ചികത്സയില്‍ കഴിഞ്ഞിരുന്നയാളുടെ അടിയേറ്റ് വികലാംഗ വൃദ്ധന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണ്ണമാലി സ്വദേശി ജോയി(83)യാണ് മരിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നന്ദകുമാര്‍ (52),ബഷീര്‍(70),വാസു(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി നെടുവില്‍ വീട്ടില്‍ ഷംസു(58)വിനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തു.

അനാഥരായ ആളുകളെ ചികത്സിക്കുന്ന അഗതി വാര്‍ഡില്‍ പുലര്‍ച്ചെ ഒന്നരക്കായിരുന്നു സംഭവം നടന്നത്. കടുത്ത മദ്യപാനിയായ ഷംസു ലഹരി വിമുക്ത ചികത്സയിലായിരുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക അസ്വാസ്ഥ്യമാണ് കൊലപാതകത്തിന് കാരണമെന്ന്്് പൊലീസ് പറഞ്ഞു. കാല് മുറിച്ചു മാറ്റിയതിനെ തുടര്‍ന്നുണ്ടായ വ്രണത്തിന് ചികത്സക്കെത്തിയതായിരുന്നു ജോയി. ഈ മാസം പത്തിനു ചികിത്സക്കെത്തിയ ഷംസുവിന്റെ കൂടെ നില്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ ചൊവ്വാഴ്ച വൈകുന്നേരം അഗതി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

രാത്രി 11.30 ഓടെ ഷംസു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും മറ്റു രോഗികളുമായി വഴക്കുണ്ടാക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് 1.30ഓടെ വാര്‍ഡിന്റെ പകുതിയടച്ച ഭിത്തിയുടെ മുകളിലൂടെ തൊട്ടടുത്തുളള സ്ത്രീകളുടെ വാര്‍ഡിലേക്ക് ചാടിയ ഷംസു സ്ത്രീകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് തിരികെ ചാടിയപ്പോള്‍ ഉറങ്ങികിടന്ന ഒരു രോഗിയുടെ മേലാണ് വിണത്. ഇയാള്‍ തളളിമാറ്റിയതിനെ തുടര്‍ന്ന് അക്രമാസക്തനായ ഷംസു വികലാംഗനായ ജോയി നടക്കാനുപയോഗിച്ചിരുന്ന മരക്കഷ്ണമുപയോഗിച്ച് വാര്‍ഡില്‍ ഉറങ്ങികിടന്ന രോഗികളെ ആക്രമിക്കുകയായിരുന്നു.തലക്കടിയേറ്റ ജോയി തല്‍സമയം മരിച്ചു.

ബഹളം കേട്ടുണര്‍ന്ന മറ്റു രോഗികള്‍ ചേര്‍ന്ന് ഷംസുവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ജോയിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും വീടോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലഹരിക്കടിമയായ ഷംസു വീട്ടുകാരുമായി അകന്നു കഴിയുകയാണ്. സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.