ചെറിയ മനോരോഗമുള്ള സന്തോഷ് പണ്ഡിറ്റിനെ പോലുള്ളവരുടെ സിനിമക്കും കേരളത്തില്‍ പ്രേക്ഷകരുണ്ടാകുന്നത് കഷ്ടമാണെന്ന് ചലച്ചിത്ര താരം മാമുക്കോയ. ഇത് കാണാനും ആളുണ്ടാകുന്നതാണ് ഇത്തരം സിനിമകള്‍ക്ക് വന്‍ പ്രചാരം ലഭിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തമായി സിനിമയൊരുക്കി അത് തിയ്യേറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റിന്റെ സാഹസികത താന്‍ അംഗീകരിക്കുന്നു. വീട് വരെ വിറ്റാണ് അയാള്‍ സിനിമയെടുക്കുന്നത് എന്നാണ് അറിയുന്നത്. ഇത്തരം ആളുകള്‍ക്ക് എന്ത്‌കൊണ്ടാണ് അംഗീകാരം ലഭിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷം നാടകത്തില്‍ അഭിനയിച്ചശേഷമാണ് താന്‍ സിനിമയിലെത്തിയത്. അവാര്‍ഡിന് വേണ്ടി ഒരിക്കലും അഭിനയിച്ചിട്ടില്ല. എങ്കിലും ചില അംഗീകാരങ്ങള്‍ തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്നും മാമുക്കോയ വ്യക്തമാക്കി.

പലര്‍ക്കും അര്‍ഹിച്ച പരിഗണന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കാറില്ല. നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒട്ടേറെ സിനിമകളുടെ സംവിധാനം നിര്‍വഹിക്കുകയും നിര്‍മിക്കുകയും ചെയ്ത മധുവിന് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടില്ല. എന്നാല്‍ ജയറാമിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് അലുംനിയുടെ ‘തളിരിട്ട കിനാക്കള്‍’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയതായിരുന്നു മാമുക്കോയ. പ്രമുഖ ഗായകന്‍ പത്മശ്രീ കെ.പി ഉദയഭാനു, തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി, അലുംനി യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് സലീം, പ്രോഗ്രാം ജന.കണ്‍വീനര്‍ കെ.കെ സതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ന് വൈകുന്നേരം ആറിന്് ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ബാബുരാജിന്റെ 24 പാട്ടുകള്‍ ഗായകരായ സതീഷ് ബാബു, ദലീമ എന്നിവരും യു.എ.ഇയില്‍ നിന്നുള്ള റിയാസ്, അഭിരാമി എന്നീ ഗായകരും ആലപിക്കും. രഘുനാഥ് പലേരിയാണ് പരിപാടി സംവിധാനം ചെയ്യുന്നത്.

malayalam news