Categories

വിവാഹശേഷം മംമ്ത തിരിച്ചെത്തുന്നു; ദിലീപിന്റെ ബോസായി

വിവാഹശേഷം സിനിമയോട് ബൈ പറഞ്ഞ് മംമ്തയും പോയി എന്ന് കരുതിയവര്‍ക്ക് തെറ്റി. വിവാഹം കഴിഞ്ഞിട്ടും സിനിമയോടുള്ള മംമ്തയുടെ പ്രണയം കുറഞ്ഞിട്ടില്ല. മൈ ബോസ് എന്ന ചിത്രത്തിലൂടെ നടി സിനിമയില്‍ തിരിച്ചെത്തുകയാണ്.

ദിലീപാണ് മൈ ബോസിലെ നായകന്‍. മമ്മി ആന്റ് മീ സംവിധാനം ചെയ്ത ജിത്തു ജോസഫാണ് മൈ ബോസ് സംവിധാനം ചെയ്യുന്നത്.

വിവാഹത്തിനുമുമ്പേ ഈ ചിത്രത്തിന് മംമ്ത ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം നീണ്ടുപോവുകയായിരുന്നു.

വിവാഹം കഴിഞ്ഞതോടെ മംമ്ത പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. 15 ലക്ഷം രൂപയാണ് മൈ ബോസിലേക്ക് മംമ്ത വാങ്ങിയത്. ഇതോടെ കാവ്യ മാധവനുശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മംമ്ത മാറും.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്.

ഒരു ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും അവരുടെ കീഴില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ഹൃദയബന്ധമാണ് മൈ ബോസില്‍ ജിത്തു ജോസഫ് പറയുന്നത്.

സായികുമാര്‍, ലെന, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മംമ്തയും ദിലീപും മുമ്പ് ഒന്നിച്ച പാസഞ്ചര്‍ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Tagged with: |