ജീവിതത്തില്‍മാത്രമല്ല, സിനിമയിലും മമ്ത തിരിച്ചുവരവിനൊരുങ്ങുകയാണ്. തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ്‌പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ മമ്ത വീണ്ടും തമിഴ് തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുകയാണ്. ചെന്നൈയില്‍ തടയറ താക്ക എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്ത ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മലയാളത്തില്‍ തിരക്കുള്ള നായികയായിരുന്നു മമ്ത. കാന്‍സറിന്റെ പിടിയില്‍നിന്നും ജീവിതത്തിലേക്കു നടന്നു കയറിയ മമ്ത ഇതിനോടകംതന്നെ യൂണിറ്റംഗങ്ങളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലം അവര്‍ സിനിമാരംഗത്തുനിന്നും വിട്ടുനിന്നിരുന്നു.

അതേസമയം മമ്ത വിവാഹിതയാകുന്നു എന്ന വാര്‍ത്തകളുമുണ്ട്. പക്ഷേ ഭാവിവരനെക്കുറിച്ച് കൂടുതലൊന്നും അവര്‍ വ്യക്തമാക്കിയിട്ടില്ല. സിനിമാ ഫീല്‍ഡിലുള്ള ആളല്ലെന്നും ബിസിനസുകാരനാണെന്നും മുമ്പേ പരിചയമുണ്ടെന്നും മമ്ത അറിയിച്ചു. മറ്റു പലര്‍ക്കും മൊബൈല്‍ഫോണ്‍ ഒരു വെല്ലുവിളിയാകുമ്പോള്‍ തങ്ങളെ തമ്മില്‍ അടുപ്പിച്ചുനിര്‍ത്തുന്നത് ഈ ഫോണ്‍ ആണെന്ന് മമ്ത പറയുന്നു. രോഗക്കിടക്കയില്‍നിന്നും ജീവിതത്തിലേക്ക് കടന്നുവന്ന മമ്ത ഏറെ പ്രതീക്ഷയോടെയാണ് തന്റെ ഭാവിയെ നോക്കിക്കാണുന്നത്.

നായിക, മുസാഫിര്‍ തുടങ്ങിയവയാണ് മമ്തയുടെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം മതിലുകള്‍ക്കപ്പുറം, പൃഥ്വിരാജിനൊപ്പം ശിങ്കാരവേലന്‍ തുടങ്ങിയ മലയാള ചിത്രങ്ങളും അണിയറയിലുണ്ട്.