മമ്മൂട്ടിനായകനാകുന്ന ‘മതിലുകള്‍ക്കപ്പുറ’ത്തില്‍ നയന്‍താരയ്ക്കു പകരം മംമ്ത നായികയാവും. ‘മതിലുകള്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മതിലുകള്‍ക്കപ്പുറം.വിദ്യാ ബാലനെയാണ് ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. വിദ്യ പിന്‍മാറിയതോടെ നയന്‍താരയെ നായികയായി തീരുമാനിച്ചു. നയന്‍സും പിന്‍മാറിയതോടെ മംമ്തയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.

നവാഗതനായ പ്രസാദാണ് ‘മതിലുകള്‍ക്കപ്പുറം’ സംവിധാനം ചെയ്യുന്നത്.  മമ്മൂട്ടിയാണ് നിര്‍മാതാവ്. മതിലുകള്‍ക്കപ്പുറത്തിന്റെശബ്ദ സംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

അടൂര്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് വരെ നേടിക്കൊടുത്ത ചിത്രമായിരുന്നു അത്. മതിലുകളില്‍ കെ പി എ സി ലളിത ശബ്ദത്തിലൂടെ അവിസ്മരണീയമാക്കിയ നാരായണി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മംമ്ത അവതരിപ്പിക്കുന്നത്. മതിലുകളില്‍ നാരായണി സ്‌ക്രീനില്‍ എത്തിയിരുന്നില്ല.

‘ബസ് കണ്ടക്ടര്’‍, ‘ബിഗ്ബി’ എന്നീ മമ്മൂട്ടിച്ചിത്രങ്ങളില്‍ മംമ്ത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ സിനിമകളിലൊന്നും മമ്മൂട്ടിയുടെ നായികയായല്ല മംമ്ത വേഷമിട്ടത്.