കൊല്‍ക്കത്ത: ബംഗാളിലെ ചെങ്കോട്ടയെ മമതയെന്ന സുനാമി വിഴുങ്ങിയിരിക്കുന്നു. 1985-ല്‍ സോമനാഥ ക്ഷേത്രം തകര്‍ന്നു വീഴുമ്പോള്‍ തുടങ്ങിയ മമതയുടെ യാത്ര അതിന്റെ വിജയത്തിലെത്തിയിരിക്കുന്നു. മമത ബാനര്‍ജി ബംഗാളില്‍ സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടയെ തകര്‍ക്കുമെന്ന് ആരും വിചാരിച്ചുകാണില്ല. ഇത്തവണ മമത അത് തെളിയിച്ചിരിക്കുന്നു.

‘പാര്‍ട്ടിയാധിപത്യത്തിനുപകരം നമ്മള്‍ ജനാധിപത്യം സ്ഥാപിച്ചിരിക്കുന്നു. ബംഗാളിന്റെ നഷ്ടപ്രതാപം നമ്മള്‍ വീണ്ടെടുക്കും. ഇത് മണ്ണിന്റെയും മനുഷ്യന്റെയും വിജയമാണ്. ഇത് ബംഗാളിന്റെ രണ്ടാം സ്വാതന്ത്ര്യം’ തൃണമൂലിന്റെ വിജയത്തെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് മമതാ ബാനര്‍ജി കിലാഖട്ടിലെ തന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു.

ഇന്നലെ സിപിഐഎം ഓഫീസില്‍ ശ്മശാന മൂകതയായിരുന്നു. അലിമുദ്ദീന്‍ സ്ട്രീറ്റിലെ സിപിഐഎം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒറ്റക്കും തെറ്റക്കും അലഞ്ഞുനടന്നു. അവരുടെ ദൈവങ്ങളായ ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ അസിംദാസ് ഗുപ്ത ഗൗതം ദേബ്, എല്ലാവരും പരാജയപ്പെട്ടിരുന്നു. ബുദ്ധദേബ് 16000 വോട്ടിനാണ് പരാജയപ്പെട്ടത്.