mamataമമത വികസനവിരോധിയല്ല
ദേശീയ രാഷ്ട്രീയത്തിലും ബംഗാള്‍ രാഷ്ട്രീയത്തിലും കാലുറപ്പിക്കാനൊരുങ്ങുന്ന ഫയര്‍ബ്രാന്‍ഡ് നേതാവ് മമതാ ബാനര്‍ജിക്ക് അമേരിക്ക എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതായി ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. അധികാരത്തില്‍ വരുമെന്ന് ഉറപ്പില്ലെങ്കിലും മമതയുടെ ജനപിന്തുണയാണ് അമേരിക്കയെ ഇതിന് പ്രേരിപ്പിച്ചത്.

2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നടത്താന്‍ കഴിഞ്ഞ മികച്ച മുന്നേറ്റം മമതയുടെ പ്രതിച്ഛായ ഏറെ ഉയര്‍ത്തിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് മുഖ്യമന്ത്രിയായാല്‍ ശോഭിക്കുമോ എന്ന ഉറപ്പില്ലാതിരുന്നിട്ടുകൂടി മമതയെ പിന്തുണയക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് കേബിളുകള്‍ വ്യക്തമാക്കുന്നു. കൊല്‍ക്കത്തയിലെ അമേരിക്കന്‍ കൗണ്‍സിലര്‍ ജനറലിന്റെ പേരില്‍ അയച്ച രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന അധികാരം പരമാവധി വിനിയോഗപ്പെടുത്താന്‍ മമതാ ബാനര്‍ജി ശ്രമിച്ചിരുന്നു. നിലവിലെ പ്രകടനം തുടരാനായാല്‍ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും 2011 തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ വരെ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

വികസന കാര്യത്തിലും വളരെ വിശാലമായ കാഴ്ച്ചപ്പാടാണ് മമതയ്ക്കുള്ളതെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലും നടന്ന ഭൂമിപ്രക്ഷോഭങ്ങളില്‍ തീവ്രനിലപാടെടുത്തിരുന്നെങ്കിലും മമതയെ വ്യാവസായ വിരോധിയായി അമേരിക്ക കണ്ടിരുന്നില്ല.

ഇടതുസഹയാത്രികരുടെ കേന്ദ്രമായ ജെ.എന്‍.യു
ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇടതുപക്ഷ അനുഭാവമുള്ളവരുടെ കേന്ദ്രമായി മാറുന്നു എന്ന അമേരിക്കയുടെ വിലയിരുത്തലാണ് ഹിന്ദു ഇന്ത്യ കേബിളിലെ മറ്റൊരു പ്രധാന വാര്‍ത്ത.

ഇടതുപക്ഷ ആഭിമുഖ്യമുള്ള യുവതലമുറ ജെ.എന്‍.യുവില്‍ വളര്‍ന്നുവളരുന്നുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ജെ.എന്‍.യുവിന്റെ തുടക്കം മുതല്‍തന്നെ ഈ പ്രവണത വ്യക്തമായിരുന്നു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണകൊണ്ടല്ല ഇവരില്‍ പലരും. മറിച്ച് സ്വന്തം കഴിവാണ് ജെ.എന്‍.യുവിലെത്തുന്നവരെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഇവിടെ പഠിച്ചിറങ്ങിയ പലരും പത്രപ്രവര്‍ത്തന രംഗത്തും, രാഷ്ട്രീയത്തിലും, സിവില്‍ സര്‍വ്വീസിലും പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്.

ഇടതുപക്ഷത്തിന്റെ ഒരു കോട്ടയായിട്ടാണ് ജെ.എന്‍.യുവിനെ അമേരിക്ക വിശേഷിപ്പിച്ചിട്ടുള്ളത്. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ ഇവിടെ കാര്യമായ സ്വാധീനം ഉണ്ടാക്കാനായിട്ടില്ല. അടുത്ത കാലത്തൊന്നും ജെ.എന്‍.യുവില്‍ വലതുപക്ഷ സ്വാധീനം കൈവരിക്കാന്‍ കഴിയില്ലെന്നും വിക്കിലീക്‌സ് കേബിളുകള്‍ വ്യക്തമാക്കുന്നു.

ബോളിവുഡും അമേരിക്കന്‍ കണക്ഷനും
ഇന്ത്യയിലെ രാഷ്ട്രീയവും വിദേശനയവും വ്യക്തിവിശേഷതകളും മാത്രമായിരുന്നില്ല അമേരിക്കക്കാര്‍ക്ക് ഇഷ്ടവിഷയങ്ങള്‍. കോടികള്‍ ഇളകിമറിയുന്ന ബോളിവുഡിനെക്കുറിച്ചും അതിലെ ഓരോ ചനലവും അമേരിക്ക നിരീക്ഷിക്കുകയം സമയാസമയം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ബോളിവുഡ് സിനിമകളെക്കുറിച്ചും നടന്‍മാരുടേയും നടിമാരുടേയും പ്രതിഫലത്തെക്കുറിച്ചും ബോളിവുഡിലെ അധോലോക സ്വാധീനത്തെക്കുറിച്ചുമെല്ലാം അമേരിക്ക വിശകലനം നടത്തിയിരുന്നു. ബോളിവുഡില്‍ റിലീസ് ചെയ്യുന്ന പല പടങ്ങളും എട്ടുനിലയില്‍ പൊട്ടിയിട്ടും സിനിമാ ഉല്‍പ്പാദനത്തില്‍ കുറവൊന്നും ഉണ്ടായിരുന്നില്ല. ഗ്ലാമറിന്റേയും പ്രശസ്തിയുടേയും ലോകത്തേക്ക് പണമൊഴുക്കാന്‍ നിര്‍മ്മാതാക്കള്‍ എപ്പോഴും തയ്യാറായിരുന്നു എന്നതു തന്നെ കാരണം.

എന്നാല്‍ ബോളിവുഡ് സിനിമകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ തന്നെയാണ് ഭേദമെന്നായിരുന്നു യു.എസ് വിലയിരുത്തല്‍.എന്നാല്‍ ഏറ്റവുമധികം സിനികള്‍ പുറത്തിറങ്ങുന്നത് ബോളിവുഡില്‍ നിന്ന് തന്നെയായിരുന്നു. ഗ്ലാമറിന്റേ കാര്യത്തിലും പ്രശസ്തിയുടെ കാര്യത്തിലും മുന്‍പന്തിയില്‍ നിന്നതും ബോളിവുഡ് സിനിമകളായിരുന്നു.

എന്നാല്‍ ബോക്‌സ് ഓഫീസ് വിജയത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ പിന്നിലേ ഹിന്ദി സിനിമകള്‍ വരൂ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്താറുള്ളത്.

manmohan sigh in chinaസിഖ് വിരുദ്ധ കലാപവും മന്‍മോഹന്റെ ക്ഷമാപണവും
1984ലെ സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ നടത്തിയ ക്ഷമാപണം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഏറെ ഉയരത്തിലെത്തിച്ചിട്ടുണ്ടെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ധൈര്യം വ്യക്തമാക്കിയ പ്രവൃത്തിയായിട്ടാണ് അമേരിക്ക പ്രധാനമന്ത്രിയുടെ ക്ഷമാപണത്തെ കണ്ടത്.

1984 ഒക്ടോബര്‍ 31 ന് ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് രാജ്യവ്യാപകമായി സിഖുകാര്‍ക്കെതിരേ അതിക്രമം അരങ്ങേറിയത്. ഇതില്‍ ഖേദം പ്രകടിപ്പിച്ച് മന്‍മോഹന്‍ സിംഗ് നടത്തിയ ക്ഷമാപണം ധീരമായ പ്രവൃത്തിയായിട്ടാണ് ദല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ ഡെപ്യൂട്ടി റോബര്‍ട്ട് ബ്ലാക്ക് വിശേഷിപ്പിച്ചത്.

ഖേദപ്രകടനം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഉയര്‍ത്തിയെന്നു മാത്രമല്ല സിഖ് കൂട്ടക്കൊലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കും തടയിട്ടു. കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ജഗദീഷ് ടെയ്റ്റ്‌ലറെയും സജ്ജന്‍ കുമാറിനെയുമായിരുന്നു കമ്മീഷന്‍ കുറ്റപ്പെടുത്തിയത്.

കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ രണ്ടുതനേതാക്കളുടേയും പേര് പരാമര്‍ശിച്ച ഉടനേ തന്നെ ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ മന്‍മോഹന്‍ ശ്രദ്ധിച്ചു. ഇതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. കൂടാതെ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യമായ നീക്കം നടത്തുന്നതില്‍ നിന്ന് ബി.ജെ.പിയെ തടഞ്ഞു.

2005 ആഗസ്റ്റ് 12നായിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയത്. 84ലെ കലാപത്തില്‍ സിഖ് വിഭാഗത്തില്‍പ്പെട്ട ഏറെപ്പേര്‍ അക്രമത്തിനിരയായിട്ടുണ്ടെന്നും അതില്‍ ക്ഷമാപണം നടത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.