എഡിറ്റര്‍
എഡിറ്റര്‍
ഫാന്‍സ് അസോസിയേഷനില്‍ തമ്മിലടി; ‘മമ്മൂട്ടി ടൈംസ്’ നിര്‍ത്തി
എഡിറ്റര്‍
Monday 6th May 2013 10:40am

mammotty-times-inതൊടുപുഴ: മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് തന്റെ പേരിലുള്ള ദൈ്വവാരികയുടെ പ്രസിദ്ധീകരണം നിര്‍ത്താന്‍ നടന്‍ മമ്മൂട്ടി നിര്‍ദേശം നല്‍കി.

മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതവിശേഷങ്ങളും പങ്കുവെയ്ക്കുന്ന മമ്മൂട്ടി ടൈംസ് എന്ന വാരികയാണ് ഫാന്‍സ് അസോസിയേഷന്‍കാരുടെ അടി കാരണം നിര്‍ത്തലാക്കേണ്ടി വന്നത്.

മമ്മൂട്ടിയുടെ ചില സിനിമയുടെ പേരില്‍ ഫാന്‍സ് അസോസിയേഷനും മമ്മൂട്ടിയുടെ അടുപ്പക്കാരും തമ്മില്‍ ചേരിതിരിയുകയും ഇതുമായി ബന്ധപെട്ട ചില കത്തുകള്‍ വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് മാഗസിന്‍ വിവാദമായത്.

മമ്മൂട്ടിയുടെ പല സിനിമകളും നിര്‍മിച്ച ആന്റോ ജോസഫിനെ കൂടാതെ തന്റെ മേയ്ക്കപ്പ്മാനും സന്തതസഹചാരിയുമായ ജോര്‍ജും മമ്മൂട്ടിയുടെ പല ചിത്രങ്ങളും നിര്‍മിച്ചിരുന്നു.

Ads By Google

ജോര്‍ജ് നിര്‍മിച്ച ഇമ്മാനുവല്‍ എന്ന സിനിമ തിയറ്ററുകളില്‍ നല്ല സിനിമയെന്ന അഭിപ്രായം നേടി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ആന്റോ ജോസഫ് നിര്‍മിച്ച ജയറാം സിനിമയായ ഭാര്യ അത്ര പോര പ്രദര്‍ശനത്തിനെത്തിയത്.

എന്നാല്‍ നിര്‍മാണ രംഗത്തെ പ്രമുഖനായ ആന്റോ ജോസഫ് തന്റെ സ്വാധീനത്തിലൂടെ തിയറ്ററുകളില്‍ നിന്ന് ഇമ്മാനുവല്‍ മാറ്റി ഭാര്യ അത്ര പോര എന്ന സിനിമയ്ക്ക് ഇടം കണ്ടെത്തിയെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് ഫാന്‍സ് അസോസിയേഷന്‍ ഇരുചേരിയായി തിരിയുകയും ഒരുപക്ഷം ആന്റോ ജോസഫിനൊപ്പവും മറുപക്ഷം ജോര്‍ജിനൊപ്പവും നിലയുറപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ലക്കത്തിലെ മമ്മൂട്ടി െടെംസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് മമ്മൂട്ടി നേരിട്ട് ഇടപെട്ട് മാഗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

പത്ത് വര്‍ഷമായി മമ്മൂട്ടി ടൈംസ് പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളസിനിമയില്‍ ആദ്യമായി ഒരു താരത്തിന്റെ പേരില്‍ മാഗസില്‍ ഇറങ്ങിയത് മമ്മൂട്ടി െടൈംസിലൂടെയാണ്.

മമ്മൂട്ടി ടൈംസിലെ മാറ്ററുകള്‍ അദ്ദേഹം തന്നെ പരിശോധിച്ചശേഷമായിരുന്നു മാഗസിനില്‍ നല്‍കിയിരുന്നത്. എന്നാല്‍ പെട്ടന്ന് മാഗസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് അറിയുന്നത്.
എന്നാലും മമ്മൂട്ടിയുടെ നിര്‍ദേശം പാലിച്ച് അടുത്ത ലക്കം മുതല്‍ വാരിക പ്രസിദ്ധീകരിക്കില്ല.

മോഹന്‍ലാലിന്റെ സിനിമകള്‍ ആന്റണി പെരുമ്പാവൂരും മമ്മൂട്ടിയുടേത് ആന്റോ ജോസഫും നിര്‍മിക്കുന്ന രീതിയാണ് സിനിമാ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണുന്നത്.

Advertisement