എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയുടെ വീട്ടിലേക്ക് വനിതാ സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് റിപ്പോര്‍ട്ട്: വീടിന് കനത്ത പൊലീസ് കാവല്‍
എഡിറ്റര്‍
Tuesday 11th July 2017 11:24am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അമ്മയിലെ ഭാരവാഹികളായ താരങ്ങളുടെ വീടുകള്‍ക്ക് പൊലീസ് കാവല്‍. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

വനിതാ സംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വീടിനു സുരക്ഷ ഏര്‍പ്പെടുത്തിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെയാണ് വനിതാ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

മമ്മൂട്ടിയുടെ വീട്ടില്‍ ഇടവേള ബാബു ഉള്‍പ്പെടെയുള്ള അമ്മ ഭാരവാഹികള്‍ എത്തിയിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട കാര്യം അവിടെവെച്ച് സംഘടന ചര്‍ച്ച ചെയ്യുമെന്നും തീരുമാനം വാര്‍ത്താക്കുറിപ്പായി പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


Also Read:  സര്‍ക്കാര്‍ കാണിച്ചത് വഞ്ചനയാണ്; ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കില്ല: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി മുന്നോട്ടെന്ന് നഴ്‌സുമാരുടെ സംഘടന


മമ്മൂട്ടിയ്ക്കു പുറമേ അമ്മ പ്രസിഡന്റായ ഇന്നസെന്റിന്റെ വീടിനും ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നസെന്റ് ഓഫീസിനുനേരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചു നടത്തിയിരുന്നു. ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ കൈക്കൊണ്ട നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയേക്കാള്‍ ആരോപണവിധേയനായ ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അമ്മ സ്വീകരിച്ചത്.

അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുകയാണ്. ഇന്നുരാവിലെയാണ് ദിലീപിനെ ജയിലില്‍ എത്തിച്ചത്. 14 ദിവസത്തേയ്ക്കാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Advertisement