കൊച്ചി: അമ്മയും തിലകനും തമ്മില്‍ നിലവില്‍ ഒരു പ്രശ്‌നമില്ലെന്നും അഴീക്കോട് കാര്യങ്ങള്‍ മനസിലാക്കാതെയാണ് വിവാദത്തില്‍ ഇടപെട്ടതെന്നും നടന്‍ മമ്മൂട്ടി. അമ്മയുമായി ബന്ധപ്പെട്ട വിവാദം ഇതോടെ അവസാനിച്ചിരിക്കയാണ്. ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മ ഒരു മാധ്യമ ചര്‍ച്ചക്ക് തയ്യാറല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സഹോദരന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന അഴീക്കോടിന്റെ പ്രസ്താവന തെറ്റാണ്. അതില്‍ അഴീക്കോടിന് തന്നെ ഖേദമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ 30 കൊല്ലമായി മോഹന്‍ലാലുമായി താന്‍ സംസാരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ആദ്യകാലത്തെ തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് സ്വന്തം സഹോദരനുവേണ്ടി ചെലവഴിച്ച മനുഷ്യനാണ് ലാല്‍. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

സുകുമാര്‍ അഴീക്കോട് തത്ത്വമസി എഴുതിയ മഹാനായ സാഹിത്യകാരനാണ.് അദ്ദേഹത്തോട് ബഹുമാനമുണ്ട്. മലയാള സിനിമയിലെ സൂര്യ തേജസാണ് മമ്മൂട്ടിയെന്ന് തന്റെ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിച്ചയാണ് അഴീക്കോട്. അതിനാല്‍ ഇപ്പോഴത്തെ ആരോപണം സ്ഥായിയായി കാണേണ്ടതില്ല. അഭിനയം അഭിനയം മാത്രമാണ്. അതുകൊണ്ടാണ് മേക്കപ്പ് വേണ്ടി വരുന്നത്. അഭിനയത്തെയും അങ്ങിനെ കണ്ടാല്‍ മതി.

വിഗ്ഗിനെക്കുറിച്ചും മറ്റും പറഞ്ഞത് വ്യക്തിപരമായ കാര്യങ്ങളാണ്. വയസ്സായാല്‍ അഭിനയം നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല. അമിതാഭ് ബച്ചന്‍ അടുത്തകാലത്ത് അഭിഷേക് ബച്ചന്റെ മകനായി അഭിനയിച്ചിട്ടുണ്ട്. പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായ കമലഹാസന്‍ സ്ത്രീയായി അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍നായരെപ്പോലെയുള്ള കഥകളി നടന്‍മാര്‍ വയസ്സായിട്ടും അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

തികനുമൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തെയ്യാറാണ്. അദ്ദേഹത്തെ ആരോ പറഞ്ഞ് ബോധ്യപ്പെടുത്തിയിരിക്കയാണ്. തിലകന്‍ ചേട്ടന്‍ ഞങ്ങളുടെ കാരണവരാണ്. ഈ കുടുംബത്തില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് അദ്ദേഹമാണ്. ഇനിയും തിലകനോടൊപ്പം അഭിനയിക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തേത് നിഴല്‍യുദ്ധമാണ്.

മറ്റുള്ളവര്‍ എഴുതിയ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് നടന്‍മാര്‍ പറയുന്നതെന്ന അഴീക്കോടിന്റെ ആരോപണത്തോട് മമ്മൂട്ടി പ്രതികരിച്ചു. അഴീക്കോടിനെപ്പോലെയും അല്ലെങ്കില്‍ അദ്ദേഹത്തെക്കാളും മഹാന്‍മാരായ എം ടി വാസുദേവന്‍ നായര്‍, തകഴി, പത്മരാജന്‍ എന്നിവരൊക്കെ എഴുതിയ ഡയലോഗാണ് നടന്‍മാര്‍ പറയുന്നത്. അവരുടെ എഴുത്തുകള്‍ ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യമാണ് നടന്‍മാര്‍ നിര്‍വഹിക്കുന്നത്.

സത്യത്തിനും നീതിക്കും വേണ്ടിയാണ് അഴീക്കോടിനെപ്പോലുള്ള സാംസ്‌കാരിക നായകന്‍മാര്‍ നിലകൊള്ളേണ്ടത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപ്പോലെ സാമൂഹികബോധമുള്ള ഒരാള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പിന്‍മാറ്റം. ഈ വയസ്സിലും പുരോഗമനചിന്തകള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൃഷ്ണയ്യരുടെ വാക്കുകള്‍ മാനിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.