കൊച്ചി: യുവനടിക്കെതിരായ ആക്രമണത്തില്‍ പിന്തുണയുമായി മമ്മൂട്ടിയും. സംഭവത്തിനെതിരെ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കവെയായിരുന്നു മമ്മൂട്ടി വിഷയില്‍ ശക്തമായി പ്രതികരിച്ചത്. നടിയോട് ചെയ്ത ക്രൂരത ഒരു നാളമായും തീയായും തീഗോളവുമായി മലയാള സമൂഹത്തിന്റെ മനസാക്ഷിയ്ക്ക് മുകളില്‍ പതിക്കുമെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പൗരുഷം സ്ത്രീയെ കീഴ്‌പ്പെടുത്താനുള്ളതല്ലെന്നും സ്ത്രീയുടെ സംരക്ഷക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് എന്നത് സ്ഥാപരജംഗമങ്ങള്‍ മത്രമല്ലെന്നും അഭിമാനവും മാനവും സ്വത്താണെന്നും താരം അഭിപ്രായപ്പെട്ടു.

നാടിന്റെ അമ്മ പെങ്ങന്മാരെ സംരക്ഷിക്കുന്ന വീര പുത്രന്മാര്‍ക്ക് ജന്മം കൊടുക്കണമെന്നും മമ്മൂട്ടി പറയുകയുണ്ടായി. നടിയുടെ വേദനയിലും ദുഖത്തിലും ഒപ്പമുണ്ട്. ഒറ്റയ്ക്കല്ല, നിന്നെ സ്‌നേഹിക്കുന്ന സമൂഹം ഒപ്പമുണ്ട്. കേരളത്തിലെ സാധാരണക്കാര്‍ നിനക്കൊപ്പമുണ്ട്. പ്രതിരോധിക്കുക. മമ്മൂട്ടി പറഞ്ഞു.


Also Read: നടിക്കെതിരായ ആക്രമണം; സ്വന്തം വീട്ടിന് അകത്തേക്ക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ദിലീപ്


കൊച്ചിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. ദിലീപ്, രഞ്ജി പണിക്കര്‍, കമല്‍, രഞ്ജിത്ത്, മഞ്ജു വാര്യര്‍, ഇന്നസെന്റ് തുടങ്ങിയവര്‍ നടിക്ക് പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.