വെറും വെറുതെ ഒരു ചോദ്യം?!

ബാബുഭരദ്വാജ്

mammootty-mohanlalമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? അവരെക്കുറിച്ച് ഒരു വാര്‍ത്തയുമില്ല. രണ്ടുപേരും കാലഗതി പൂകിയോ എന്ന സംശയത്തില്‍ തിരഞ്ഞെടുപ്പുകാലം തൊട്ടുള്ള പത്രങ്ങള്‍ തിരഞ്ഞുനോക്കി, എല്ലാ ചരമക്കോളങ്ങളും പരതി. ചരമക്കോളങ്ങളില്‍ ഒതുങ്ങുന്നവരല്ല അവര്‍ രണ്ടുപേരും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് പരതിയത്. ‘കുന്തംപോയാല്‍ കുടത്തിലും തപ്പണ’മെന്നാണല്ലോ പറയാറ്.

ടി വിയില്‍ മോഹന്‍ലാല്‍ മനുഷ്യരെല്ലാവരെയും സ്വര്‍ണംകൊണ്ട് പൊതിയണമെന്ന പറഞ്ഞ് മന്ദഹസിക്കുന്നത് കാണാറുണ്ട്. ജനാധിപത്യവിശ്വാസികളായ ഈ രണ്ടു സൂപ്പര്‍താരങ്ങളും വോട്ടവകാശം വിനിയോഗിക്കുന്നതിനെക്കുറിച്ചും കേരളം മാലിന്യമുക്തമാക്കുന്നതിനെക്കുറിച്ചും വാചാലരാവുന്നവരാണ്. രണ്ടുപേരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തില്ലെന്നത് വേറെ കാര്യം. ജനാധിപത്യം വിശ്വസിക്കാനുള്ളതാണ്. പ്രയോഗിക്കാനുള്ളതാണ്.

അവരുടെ രണ്ടുപേരുടെയും അസാന്നിധ്യം വല്ലാതെ പ്രകടമാവുന്നത് ചലച്ചിത്രങ്ങള്‍ക്കുള്ള ദേശീയ, പ്രാദേശിക പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തോടെയാണ്. അതിനുശേഷം രണ്ടുപേരും വാ തുറന്നതായി ഒരറിവുമില്ല. മൂക്കില്‍ ശ്വാസം ഉണ്ടെങ്കില്‍ അവരൊന്നു നിശ്വസിക്കുന്ന ശബ്ദമെങ്കിലും കേട്ടേനെ. ഒരാള്‍ ബ്രിട്ടാസിനോട് ചേര്‍ന്ന് ചാനലുണ്ടാക്കാന്‍ 1000 കോടി രൂപ ഉണ്ടാക്കാന്‍ പോയതാണെന്നു കേട്ടു. മറ്റെയാള്‍ മസാലക്കൂട്ടുകള്‍ ഉണ്ടാക്കുന്ന ബിസിനസില്‍ ആണ്ട് മുഴുകിയിരിക്കുകയാണെന്നും അറിഞ്ഞു. ആരറിഞ്ഞു. അവര്‍ ചൊല്ലും ചെലവും കൊടുത്ത് പോറ്റുന്ന ഫാന്‍സ് അസോസിയേഷനുകള്‍ എങ്കിലും തിരഞ്ഞെടുപ്പിനെക്കുറിച്ചും ചലച്ചിത്ര അവാര്‍ഡുകളെക്കുറിച്ചും ഇനിയെന്തെങ്കിലും ഒന്ന് ഉരിയാടണം.

ജനങ്ങളും ജനാധിപത്യവും തിരഞ്ഞെടുപ്പുമൊക്കെ താരചക്രവര്‍ത്തിമാരുടെ മേഖലയല്ല, എന്നാല്‍ ചലച്ചിചത്രപുരസ്‌കാരവും മറ്റും അവര്‍ കുത്തകപ്പാട്ടത്തിനെടുത്തതല്ലേ? മറ്റാര്‍ക്കെങ്കിലും അവാര്‍ഡുകൊടുക്കുമ്പോള്‍ കമ്മിറ്റികള്‍ പാട്ടവ്യവസ്ഥ ലംഘിക്കുകയല്ലേ?