കോഴിക്കോട്: ക്രിക്കറ്റ് മടയന്‍മാരുടെ കളിയാണെന്ന് നടന്‍ മമ്മൂട്ടി. ശരീരം അനങ്ങിയുള്ള കളി ഫുട്‌ബോളാണെന്നും എന്നാല്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യം ക്രിക്കറ്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.ഇ.കെ നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി

‘കുട്ടികള്‍ തട്ടിക്കളിക്കാനാരംഭിക്കുന്നത് ഫുട്ബാളാണ്. കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു ഇപ്പോള്‍ ആളുകളുടെ താല്‍പര്യം മടിയന്മാരുടെ കളിയായ ക്രിക്കറ്റിനോടാണ്. ‘ മമ്മൂട്ടി പറഞ്ഞു.

ക്രിക്കറ്റിലെന്നപോലെ ഫുട്‌ബോളിലും ലീഗുകള്‍ വരണം. നായനാര്‍ ഫുട്‌ബോള്‍ കൊച്ചി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍കളിക്കാരനായതുകൊണ്ടാണ് ടിക്കറ്റ്‌വില്പന ഉദ്ഘാടനം ചെയ്യാന്‍ എന്നെ ക്ഷണിച്ചതെന്ന് മനസ്സിലായി. കണ്ണൂരിലായിരുന്ന നായനാര്‍ ഫുട്‌ബോള്‍ ഇപ്പോള്‍ കോഴിക്കോട്ടെത്തി. ഇനിയത് കേരളം മുഴുവനുമെത്തട്ടെ. കോഴിക്കോട്ടുകാരനല്ലാത്തതുകൊണ്ട് കുറച്ചൊരു സ്വാര്‍ഥതയോടെ പറയട്ടെ, ഈ ഫുട്‌ബോള്‍ എറണാകുളത്ത് കളിക്കണമെന്നാണ് എന്റെ ആഗ്രഹം” അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ആഘോഷവും ഉത്സവവുമാകുമ്പോള്‍ ചെലവു വര്‍ധിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് വന്‍ വിജയമാക്കാന്‍ കോഴിക്കോട്ടെ കാണികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ആറുപേര്‍ക്ക് ചടങ്ങില്‍ മമ്മൂട്ടി ടിക്കറ്റ് വില്പന നടത്തി. പി.ടി. ശ്രീനിവാസനാണ് ആദ്യം ടിക്കറ്റ് നല്‍കിയത്. ഒരു ലക്ഷം രൂപയുടെ ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. രജീന്ദ്രനാഥ്, യൂനുസ്, ബാലകൃഷ്ണ മാരാര്‍, ബീച്ച് ഹോട്ടല്‍ ഗ്രൂപ്പ്, എന്‍.ബി. ചന്ദ്രന്‍ എന്നിവര്‍ 25,000 രൂപ വീതമുള്ള ടിക്കറ്റ് മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.

മേയര്‍ എ.കെ പ്രേമജം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി.ടി അബ്ദുല്‍ ലത്തീഫ്, എം.ഇ.ബി കുറുപ്പ്, എം. ഭാസ്‌കരന്‍, ടി.പി ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Malayalam news

Kerala news in English