റീമേക്ക് ഭ്രമം സംഗീതരംഗത്തും വ്യാപകമാകുന്നു. ചെട്ടികുളങ്ങരയ്ക്കും, അല്ലിയാമ്പലിനും മധുരക്കിനാവിനും പിന്നാലെ മറ്റൊരു പഴയകാല സൂപ്പര്‍ഹിറ്റ് ഗാനം കൂടി റീമേക്ക് ചെയ്യപ്പെടുന്നു. ജയന്‍ നായകനായ അങ്ങാടിയെന്ന ചിത്രത്തിലെ കണ്ണും കണ്ണും… ഗാനമാണ് റീമേക്ക് ഗാനങ്ങളില്‍ ഒടുക്കത്തേത്.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ വെനീസിലെ വ്യാപാരിയിലാണ് ഈ ഗാനം റീമേക് ചെയ്യുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈ ഗാനരംഗത്ത് നടി പൂനം ബജ് വയാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. മൈസൂരിലും ഊട്ടിയിലുമായിട്ടായിരിക്കും ഗാനചിത്രീകരണം നടക്കുക.

ബിച്ചു തിരുമലയുടെ വരികള്‍ക്ക് ശ്യാം ഈണം പകര്‍ന്ന ഈ ഗാനത്തെ പുതിയ ചിത്രത്തിനായി ചിട്ടപ്പെടുത്തുന്നത് ബിജി ബാലാണ്. മമ്മൂട്ടി മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന വെനീസിലെ വ്യാപാരിയിലെ പ്രധാന ആകര്‍ഷണമായിരിക്കും ഈ ഗാനം.

80 കളില്‍ ആലപ്പുഴയിലെത്തുന്ന കയര്‍വ്യാപാരിയുടെ കഥയാണ് വെനീസിലെ വ്യാപാരിയിലൂടെ ജയിംസ് ആല്‍ബര്‍ട്ടും ഷാഫിയും പറയുന്നത്.

ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയ്ക്ക് തുടക്കമിട്ടത് ജയറാം ചിത്രമായ ആദ്യത്തെ കണ്‍മണിയിലൂടെയാണ് ഇതില്‍ യേശുദാസ്ജാനകി ടീമിന്റെ അകലെയകലെ നീലാകാശം എന്ന ഗാനം റീമേക് ചെയ്തിരുന്നു. ഇതിന് നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നുമുണ്ടായത്.

പിന്നാലെ ചോട്ടാ മുംബൈയിലൂടെ ‘ചെട്ടികുളങ്ങര ഭരണിനാളില്‍’ എന്ന ഗാനവും, ലൗഡ് സ്പീക്കറിലൂടെ ‘അല്ലിയാമ്പല്‍ കടവില്‍ അന്നരയ്ക്കുവെള്ളം’ എന്ന ഗാനവും വന്നു. പിന്നീട് ജയസൂര്യ നായകനായ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ‘പൂമുഖവാതില്‍ക്കല്‍ സ്‌നേഹം..’ എന്നു തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനവും റീമേക് ചെയ്തുവന്നു. തേജാഭായ് എന്ന ചിത്രത്തിലെ മധുരക്കിനാവിന്‍ എന്ന ഗാനമാണ് ഒടുക്കത്തേത്.