Administrator
Administrator
സത്യന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി
Administrator
Saturday 1st October 2011 3:00pm

സ്‌നേഹവീടിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. പുതിയ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ആലോചനകളിലാണെന്ന് സത്യന്‍ വെളിപ്പെടുത്തിയത്. ചിത്രം പുറത്തിറങ്ങുകയാണെങ്കില്‍ പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാവും ഒരു സത്യന്‍- മമ്മൂട്ടി ചിത്രം പുറത്തിറങ്ങുന്നത്.

പതിറ്റാണ്ടുകളായി സിനിമയിലുണ്ടെങ്കിലും മലയാളത്തിലെ ഈ രണ്ട ്പ്രതിഭകളുടെ സംഗമം വല്ലപ്പോഴുമേ സംഭവിച്ചിട്ടുള്ളൂ. ഇതില്‍ തന്നെ അര്‍ത്ഥം, കളിക്കളം എന്നീ ശരാശരി വിജയങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തു. മോഹന്‍ലാല്‍, ജയറാം എന്നിവരെ നായകന്മാരാക്കി വമ്പന്‍ ഹിറ്റുകളൊരുക്കിയപ്പോഴും മമ്മൂട്ടിയെ നായകനാക്കി അതുപോലൊരു ഹിറ്റ് ഒരുക്കാന്‍ സത്യന്‍ അന്തിക്കാടി കഴിഞ്ഞിട്ടില്ല.

മമ്മൂട്ടിയെ വച്ച് കോമഡി ചിത്രങ്ങളെടുക്കാമെന്ന് ആദ്യം കാണിച്ചു തന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗോളാന്തര വാര്‍ത്തയും, കളിക്കളവും സത്യന്റെ അത്തരത്തിലുള്ള പരീക്ഷണങ്ങളായിരുന്നു. എന്നാല്‍ കളിക്കളത്തിന്റെ ശരാശരി വിജയമൊഴിച്ചാല്‍ ആ പരീക്ഷണം തീര്‍ത്തും പരാജയമായിരുന്നു.

എന്നാല്‍ ഈയിടെയായി മമ്മൂട്ടിയുടെ കോമഡി ചിത്രങ്ങള്‍ക്ക് വന്‍ മാര്‍ക്കറ്റാണ്. ഇങ്ങനെയൊരു മാറിയ സാഹചര്യത്തിലാണ് വീണ്ടും സത്യന്‍ അന്തിക്കാടിന്റെ സിനിമയിലേക്ക് മമ്മൂട്ടിയെത്തുന്നത്. ലൗഡ് സ്പീക്കര്‍, പ്രാഞ്ചിയേട്ടന്‍ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനം വിസ്മയാവഹമായിരുന്നുവെന്നും സത്യന്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം.

ജയറാമിനെയും മോഹന്‍ലാലിനെയും നായകനാക്കുന്നത് പോലെ എളുപ്പമല്ല മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നതെന്ന് സത്യന്‍ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും മമ്മൂട്ടിയ്ക്ക് പറ്റിയ തിരക്കഥ കിട്ടിയാല്‍ മാത്രമേ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യൂ. ഇപ്പോള്‍ അങ്ങനെയൊരു തിരക്കഥയുടെ പിന്നാലെയാണ് താനെന്നും സത്യന്‍ വ്യക്തമാക്കി.

Advertisement