ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും, തിരക്കഥാ കൃത്തുമായ ബുദ്ധദേവ് ദാസ് ഗുപ്തയുടെ കന്നി മലയാള ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്നു. ചിത്രത്തില്‍ ഒരധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്കെന്ന് സംവിധായകന്‍ ബുദ്ധദേവ് പറഞ്ഞു.

ഹിന്ദിയിലും ബംഗാളിയിലും ഒരുപാട് ചിത്രങ്ങള്‍ ചെയ്ത ബുദ്ധദേവിന്റെ ആദ്യ മലയാള ചിത്രമാണിത്. തന്റെ സിനിമകള്‍ക്ക് ബംഗാളിലേക്കാള്‍ കൂടുതല്‍ പ്രേക്ഷകരുള്ളത് കേരളത്തിലാണെന്ന് ദാസ് ഗുപ്ത പറഞ്ഞു.

ഒരു മലയാള ചിത്രം ഒരുക്കുന്നതിനെ കുറിച്ച് താന്‍ മുമ്പ് മമ്മൂട്ടിയുമായി മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. പ്രതിഫലം പറ്റുന്ന ഒരു താരത്തെക്കാളുപരി സിനിമ ചെയ്യുന്നതിലെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിലാണ് മമ്മൂട്ടിയുടെ കഴിവ് പ്രകടമാകുന്നതെന്നും ബുദ്ധദേബ് പറഞ്ഞു.

ഈ വര്‍ഷം കേരളത്തില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുകളുമായി അദ്ദേഹം വിദേശത്തായിരുന്നു. അതിനാല്‍ മമ്മൂട്ടിയുമായുള്ള ചര്‍ച്ചകള്‍ നടന്നില്ല. ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായി താന്‍ ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നും ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്നും ബുദ്ധദേവ് പറഞ്ഞു.