Categories

ബാല്യകാലസഖിയിലെ മജീദായി മമ്മൂട്ടി

mammootty,mmammootty in balyakalasakhiവൈക്കം മുഹമ്മദ്ബഷീറിന്റെ ബാല്യകാലസഖി സിനിമയാകുമ്പോള്‍ മജീദായി മമ്മൂട്ടി വെള്ളിത്തിരയിലെത്തും. ഇതിനുമുമ്പും ബഷീര്‍ കൃതി സിനിമയാക്കിയപ്പോള്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. അടൂര്‍ഗോപാലകൃഷ്ണന്‍ ബഷീറിന്റെ നോവലിനെ ആധാരമാക്കി സംവിധാനം ചെയ്ത മതിലുകളിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി ദേശീയ തലത്തില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രമോദ് പയ്യന്നൂരാണ് ബാലകാല്യസഖി അഭ്രപാളിയിലെത്തിക്കുന്നത്.

ബഷീര്‍ കഥകളിലെ ജനപ്രിയ പ്രണയനായകനാണ് മജീദ്. ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത ഒരേട് എന്ന് വിശേഷിപ്പിക്കപ്പെട്ട ബാല്യകാല സഖിയില്‍, കല്‍ക്കത്തയിലെത്തിയ മജീദിന്റെ കാഴ്ചപ്പാടുകള്‍ക്ക് സിനിമാ രൂപം നല്‍കുകയാണ്. ഇന്ത്യാവിഭജനത്തിന് കാരണമായ സങ്കീര്‍ണമായ രാഷ്ട്രീയപശ്ചാത്തലവും സമന്വയിപ്പിക്കുന്നുണ്ട്. സുഹ്‌റ ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഒരു കാലഘട്ടത്തിലെ സംഗീത ലോകത്തെ വസന്തങ്ങള്‍ ബാല്യകാല സഖിയില്‍ വീണ്ടും പൂക്കുന്നുണ്ട്. കെ.ടി. മുഹമ്മദിന്റെ വരികള്‍ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന മനോഹരഗാനം ബാല്യകാലസഖിയിലുണ്ടാകും. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തിലായിരിക്കും ഈ ഗാനം. ബഷീറിന്റെ പ്രശസ്തമായ പദാവലികള്‍ ക്രോഡീകരിച്ച് കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഗാനവും ശ്രീകുമാരന്‍ തമ്പിയുടെ ഒരു പ്രണയഗാനവും ചിത്രത്തിലുണ്ടാവും. ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ‘ഒന്നിനിശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’ എന്ന അനശ്വരഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവരാജന്‍മാസ്റ്ററുടെ അതേ ഈണത്തില്‍ പി ജയചന്ദ്രനാണ് ആലപിക്കുന്നത്. ഇതിന് പുറമെ ടി.ഭാസ്‌കരന്‍ മാഷുടെ വരികളും ഗാനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ലിവിന്‍ ആര്‍ട്‌സിന്റെയും ഏസ്തിസ് മീഡിയായുടെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും പ്രതിഭാസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുന്നുണ്ട്. പ്രമുഖ ദൃശ്യമാധ്യമ-തിയേറ്റര്‍ സംവിധായകന്‍ പ്രമോദ് പയ്യന്നൂരിന്റെ ആദ്യ സിനിമാ സംരംഭമാണ് ബാല്യകാലസഖി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.