നാടകക്കാരെ എന്നും പിന്തുണച്ച നടനാണ് മമ്മൂട്ടി. നാടകക്കാരനായി വെള്ളിത്തിരയിലെത്താനും മമ്മൂട്ടിക്കും സാധിച്ചിട്ടുണ്ട്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ  വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുകയാണ്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്.

Ads By Google

ഇരുവരും ഒരുമിച്ച അണ്ണന്‍ തമ്പി, തൊമ്മനും മക്കളും എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. യഥാര്‍ത്ഥ്യവുമായി അടുത്ത് നില്‍ക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

നാടകനടായ ക്ലീറ്റസിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നിരവധി നാടകങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ക്ലീറ്റസ് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്..

നാടകമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില താരങ്ങളെ ചിത്രത്തിന് ആവശ്യമുണ്ടെന്നും മെയ് മാസത്തോടെ മാത്രമേ ചിത്രത്തിന്റെ കാസ്റ്റിങ് പൂര്‍ണ്ണമാകുകയുള്ളൂ എന്നും ബെന്നി പി നായരമ്പലം പറഞ്ഞു.

ദിലീപ് നായകനാകുന്ന സൗണ്ട് തോമ എന്ന ചിത്രത്തിന്റെ അണിയറയിലാണ് ബെന്നി ഇപ്പോള്‍. ചിത്രം വിഷുവിന് തന്നെ തിയ്യേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറയിലുള്ളവര്‍.