വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും രേവതിയും ഒരുമിക്കുന്നു. ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന രാവ് മായുമ്പോള്‍ എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്.

1989ല്‍ മമ്മൂട്ടിയുടെ തന്നെ ‘ചരിത്രം’ എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് ജി.എസ് വിജയന്‍ സംവിധാന രംഗത്തേക്ക് കാലെടുത്തുവച്ചത്. 22വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രവുമായെത്തുകയാണ് ജി.എസ് വിജയന്‍.

‘എന്റെ കാണാക്കുയില്’‍, ‘പാഥേയം’ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് മമ്മൂട്ടിയും രേവതിയും ഒരുമിച്ചഭിനയിച്ചത്.

രഞ്ജിത്താണ് ‘രാവ് മായുമ്പോള്‍’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ചെയ്ത ‘ കയ്യൊപ്പ്’, ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘പ്രാഞ്ചിയേട്ടന്‍’ എന്നീ സിനിമകളെല്ലാം ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ‘രാവ് മായുമ്പോള്‍’ എന്ന ചിത്രവും ഇതുപൊലെ വേറിട്ടൊരു ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.