മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വില്ലാനായി സൂപ്പര്‍താരം പൃഥ്വിരാജ് എത്തുന്നു. അന്‍വറിനുശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നത്.

ഇതിനു മുമ്പ് വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. പോക്കിരിരാജയില്‍ ഇവര്‍ സഹോദരന്‍മാരാണെങ്കില്‍ പുതിയ ചിത്രത്തില്‍ ശത്രുക്കളാണ് ഇരുവരും.

ചിത്രത്തിന്റെ സംവിധാനം മാത്രമല്ല, കഥയും ഛായാഗ്രഹണവുമെല്ലാം അമല്‍ നീരദ് തന്നെ ചെയ്യും.

സാഗര്‍ ഏലിയാസ് ജാക്കിയ്ക്കുശേഷം സംവിധാനവും ക്യാമറയും അമല്‍ നീരദ് തന്നെ നിര്‍വഹിക്കുന്ന ചിത്രമാണിത്. 1950ന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായ ഒരു കഥയാണ് പുതിയ ചിത്രം പറയുന്നത്. പൃഥ്വിരാജും ഷാജി നടേശനും, ചേര്‍ന്ന് ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥയും സംഭാഷണവും. ഹിന്ദി, തമിഴ് ചലചിത്ര രംഗത്തെ പ്രഗഭ്തരാരെങ്കിലുമായിരിക്കും ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക.

വണ്‍വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒരുമിച്ചഭിനയിച്ചത്.