തനിക്ക് കണക്കില്‍പെടാത്ത സ്വത്തുണ്ടെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. റെയ്ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മമ്മൂട്ടിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരോട് ഇക്കാര്യം സമ്മതിച്ചത്.

സ്വത്തുവിവരങ്ങള്‍ തിട്ടപ്പെടുത്തി നിയമത്തിനു മുന്നില്‍വയ്ക്കാന്‍ താന്‍ തയ്യാറാണെന്നും മമ്മൂട്ടി അറിയിച്ചു. അന്വേഷണത്തിനിടെ സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ പിഴയടക്കുന്നതില്‍ നിന്ന് രക്ഷപ്പെടാം. ഈ ആനുകൂല്യം നേടാനാണ് മമ്മൂട്ടിയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ മമ്മൂട്ടിക്ക് കണക്കില്‍പെടാത്ത സ്വത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പുറമേ അവസാനചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങിയ പ്രതിഫലത്തിന്റെ യഥാര്‍ത്ഥ കണക്കുകളല്ല രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ ചോദ്യംചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. അതേസമയം, മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ടും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

സൂപ്പര്‍താരങ്ങള്‍ക്കെതിരെ പരാതി ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ 6 മാസമായി ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരികയായിരുന്നു. കണക്കില്‍പെടാത്ത സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 20 ഓളം വരുന്ന ഇവരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ വീടുകളില്‍ നിന്നും ലഭിച്ച രേഖകളും സമ്പാദ്യങ്ങളും വിശദമായി പരിശോധിച്ചശേഷമേ നികുതിവെട്ടിപ്പ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പറയാന്‍ കഴിയൂവെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.