ചാലിയാര്‍ വീണ്ടും ചുവക്കുന്നു

mambad-latex-strikeമമ്പാട് റബര്‍ ഫാക്ടറിക്കു മുമ്പിലെ സമരപ്പന്തലില്‍ വീണ രക്തം പരിസ്ഥിതി പോരാട്ട ചരിത്രത്തിലെ പുതിയൊരധ്യായം തുറന്നിരിക്കയാണ്. ശുദ്ധവായവിനും ശുദ്ധ ജലത്തിനും വേണ്ടിയുള്ള ഒരു പ്രദേശത്തെ ജനതയുടെ സമരത്തിന് നേരെ ചരിത്രത്തില്‍ ഒരു പക്ഷെ ആദ്യമായിരിക്കും ഇത്തരത്തില്‍ ഒരാക്രമണം നടക്കുന്നത്. പ്രതിഷേധത്തെ വെടിവെച്ച് കീഴ്‌പ്പെടുത്താന്‍ മാത്രം അഹങ്കാരവും ധാര്‍ഷ്ട്യവും കൈവന്ന മുതലാളിത്തത്തിന്റെ വികൃതമുഖമാണ് മമ്പാട് ആര്‍ കെ ലാറ്റക്‌സിന് മുന്നില്‍ കണ്ടത്. നാട്ടുകാരുടെ പ്രതിഷേധം നേരിടാന്‍ അന്യ സംസ്ഥാനത്ത് നിന്ന് പ്രത്യേകമായി കൊണ്ടുവന്നവരാണ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാര്‍. പ്രത്യേക പ്രകോപനമൊന്നുമില്ലാതെ തന്നെ സമരക്കാര്‍ക്ക് നേരെ വെടിവെക്കാന്‍ ഫാക്ടറി ജീവനക്കാര്‍ തയ്യാറായത് ദുരൂഹമാണ്. വെടിവെച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ഉടമകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവമുണ്ടായ ഉടന്‍ തന്നെ ഫാക്ടറികള്‍ക്ക് തീപിടിച്ചതും സംശയാസ്പദമാണ്.

സമര ചരിത്രം

ചാലിയാറിന് കഥനകഥകള്‍ പലതും പറയാനുണ്ട്. മലപ്പുറത്തിന്റെ അയല്‍ ജില്ലയായ കോഴിക്കോട്ടെ മാവൂരില്‍ ബിര്‍ള ഫാക്ടറിയില്‍ നിന്ന് വിഷദ്രാവകങ്ങള്‍ തുറന്ന് വിട്ടതും ഇതേ ചാലിയാറിലേക്കായിരുന്നു. ക്യാന്‍സറുള്‍പ്പെടെയുള്ള മാറാ രോഗങ്ങള്‍ കുത്തകക്കമ്പനിയായ ബിര്‍ള നാട്ടുകാര്‍ക്ക് സമ്മാനിച്ചു. പണം മുടക്കി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് പുഴയെയും നാട്ടുകാരെയും രക്ഷിക്കണമെന്ന മുറവിളി മുതലാളിമാരുടെ ലാഭക്കൊതിക്കു മുമ്പില്‍ നിഷ്പ്രഭമായി. എന്നാല്‍ ജീവിതം തിരിച്ച് പിടിക്കാനുള്ള നാട്ടുകാരുടെ പോരാട്ടത്തിന് മുന്നില്‍ ബിര്‍ളക്ക് കീഴടങ്ങേണ്ടി വന്നു.

ഇതേ ചാലിയാറിന്റെ തീരത്താണ് മമ്പാട് പഞ്ചായത്തിലെ റബര്‍ സംസ്‌കരണ ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്നത്. 30 വര്‍ഷം മുമ്പാണ് ഇവിടെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് കമ്പനികളായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കമ്പനികള്‍ നാലെണ്ണമായി വര്‍ധിച്ചു. റബര്‍ കൊണ്ട് വന്ന് അമോണിയ ഉള്‍പ്പെടെയുള്ള രാസ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സംസ്‌കരിക്കുന്നതാണ് ഫാക്ടറിയിലെ പ്രവര്‍ത്തനം. എന്നാല്‍ കമ്പനികള്‍ വര്‍ധിച്ചതോടെ പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്ത് തുടങ്ങി. ഉല്‍പാദനം വര്‍ധിച്ചതോടെ മലിന ജലവും വര്‍ധിച്ചു. കമ്പനി ഉടമകള്‍ കണ്ട എളുപ്പവഴി മലിന ജലം തൊട്ടടുത്ത ചാലിയാറിലേക്ക് ഒഴുക്കിക്കളയുകയെന്നതാണ്. ആദ്യമൊക്കെ കമ്പനിയില്‍ നിന്നുള്ള രാസ വസ്തുക്കള്‍ വായുവില്‍ കലര്‍ന്നുണ്ടാകുന്ന ദുര്‍ഗന്ധം മാത്രമായിരുന്നു നാട്ടുകാര്‍ക്ക് പ്രശ്‌നമായിരുന്നത്. എന്നാല്‍ ചാലിയാര്‍ മലിനമായതോടെ പ്രദേശത്തെ 500 ഓളം കുടുംബങ്ങളുടെ ജസസ്രോതസ്സുകള്‍ മലിനമാകാന്‍ തുടങ്ങി. കിണറുകളിലെ വെളളത്തിന് മാലിന്യം കലരാന്‍ തുടങ്ങി. കമ്പനിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിരവധി പേര്‍ക്ക് ശ്വാസ കോശ രോഗങ്ങള്‍ കണ്ട് തുടങ്ങി. 13 പേര്‍ ശ്വാസ കോശ രോഗം ബാധിച്ച് മരിച്ചു. ഏഴ് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പുഴയിലിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മണല്‍ വാരല്‍ തൊഴിലാളികള്‍ക്കും ത്വക്ക് രോഗങ്ങള്‍ കണ്ട് തുടങ്ങി.

mambad-clash

ഇതെ തുടര്‍ന്നാണ് 2001 മുതല്‍ നാട്ടുകാര്‍ സമരപരിപാടികളുമായി രംഗത്ത് വന്നത്. ആദ്യം കമ്പനി അധികൃതരുമായി സംസാരിച്ച് മലിനീകരണത്തിന് നടപടികളെടുക്കണമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടുകാര്‍ മമ്പാട് പഞ്ചായത്തിനെ സമീപിച്ചു. 300 ഓളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ഇപ്പോഴത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സമര സമിതി രക്ഷാധികാരിയുമായ പുന്നപ്പാല്‍ അബ്ദുല്‍ കരീം ആയിരുന്നു അന്ന് പഞ്ചായക്ക് പ്രസിഡണ്ട്. എന്നാല്‍ പഞ്ചായത്ത് നടപടിക്കെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. സ്ഥലത്ത് പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണബോര്‍ഡ് കമ്പനികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് രണ്ട് മാസത്തേക്ക് മാത്രമായി ലൈസന്‍സ് നല്‍കിക്കൊണ്ട് പഞ്ചായത്ത് വീണ്ടും നിയന്ത്രണം വെച്ചു. ഇതിനെതിരെയും കമ്പനി കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു.

ഇതിനിടെ മലിനീകരണ പ്രശ്‌നം രൂക്ഷമായതോടെ നാട്ടുകാരുടെ പ്രക്ഷോഭ പരിപാടികളും ശക്തമായി. ചാലിയാറിലെ വെള്ളം വന്‍തോതില്‍ കുറഞ്ഞതോടെ കമ്പനിയിലെ മലിന ജലം വന്‍ ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തി. നാട്ടുകാര്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, തദ്ദേശമന്ത്രി പാലൊളി മുഹമ്മദ് കുട്ടി, വ്യവസായ മന്ത്രി എളമരം കരീം തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പലവട്ടം സമര സമതിയും കമ്പനി ഉടമകളും ചര്‍ച്ച നടത്തി. മലിന ജലം പുറത്ത് വിടില്ലെന്ന് കമ്പനി നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു, രാത്രി കാലങ്ങളില്‍ രഹസ്യ പൈപ്പ് വഴി ചാലിയാറിലേക്ക് മലിന ജലം ഒഴുകി. ഇതിനിടെ ആര്‍ ഡി ഒയുടെ മധ്യസ്ഥതിയില്‍ നടന്ന ചര്‍ച്ചയില്‍ പരമാവധി 50 ശതമാനം മലിന ജലം മാത്രമേ കമ്പനിക്ക് സംസ്‌കരിക്കാന്‍ കഴിയൂവെന്നും ബാക്കി നാട്ടുകാര്‍ സഹിക്കണമെന്നും ഫാക്ടറി ഉടമകള്‍ തെളിച്ചു പറഞ്ഞു. ഇതിനിടെ കമ്പനിയുടെ ലൈസന്‍സ് പഞ്ചായത്ത വീണ്ടും റദ്ദു ചെയ്തു. ലൈസന്‍സില്ലാത്ത കമ്പനിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് കെ എസ് ഇ ബിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കമ്പനിക്ക് മുമ്പാകെ പ്രദേശത്തെ സ്ത്രീകളും കുട്ടികളും പങ്കെടുത്ത കുടുംബ മാര്‍ച്ച് നടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കമ്പനിക്ക് മുമ്പില്‍ നിരാഹാര സമരത്തിന് പന്തല്‍ കെട്ടാന്‍ പോയ യുവാക്കള്‍ക്ക് നേരെയാണ് കമ്പനി സെക്യൂരിറ്റി ജീവനക്കാരുടെ വെടിവെപ്പും വടിവാള്‍ ആക്രമണവുമുണ്ടായത്.

mambad-latex-factory

കമ്പനി സംരക്ഷണത്തിന് ഗുണ്ടകള്‍

കമ്പനിയുടെ സംരക്ഷണത്തിനെന്ന പേരില്‍ ഇവിടെ സെക്യൂരിറ്റി ജീവനക്കാരായി അന്യ സംസ്ഥാനത്ത് നിന്നുള്ള ഗുണ്ടകളെയാണ് നിയമിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സമരസമിതി രക്ഷാധികാരിയുമായി അബ്ദുല്‍ കരീം പുന്നപ്പാല്‍ ആരോപിക്കുന്നു. നാട്ടുകാരാരും ഇവിടെ ജോലിക്കാരിയില്ല. നാല് കമ്പനികളില്‍ മൂന്നെണ്ണത്തിന്റെയും ഉമടകള്‍ അന്യ സംസ്ഥാനത്ത് നിന്നുള്ളവരാണ്. കമ്പനി ഉടമകളുടെ നിര്‍ദേശമില്ലാതെ ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടാകുമെന്ന് കരുതാനാകില്ല. സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് കമ്പനിയുടെ ശ്രമമെന്നും കമ്പനിക്ക് നേരെ തീവെപ്പുണ്ടായ സംഭവത്തിലും ദുരൂഹയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രദേശത്തെ ജനതയുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പഞ്ചായത്ത് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.