കൊല്‍ക്കത്ത: തീപ്പിടുത്തമുണ്ടായ കൊല്‍ക്കത്തയിലെ എ എം ആര്‍ ഐ ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിങ്ങിക്കൂടിയതും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ സന്ദര്‍ശനവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി പരാതി. ജനക്കൂട്ടം നിയന്ത്രണാധീതമായതും തിരക്ക് വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഇത് സ്ഥിതി ഏറെ വഷളാകാന്‍ കാരണമായി.

ആശുപത്രിയ്ക്ക് തീപ്പിടിച്ച വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരെല്ലാം ആശുപത്രി പരിസരത്ത് പാഞ്ഞെത്തി. ദൃശ്യമാധ്യമങ്ങളെല്ലാം തത്സമയ സംപ്രേക്ഷണത്തിനായി ഒ.ബി വാന്‍ സൗകര്യമൊരുക്കിയത് താരതമ്യേന ഇടുങ്ങിയ പരിസരത്ത് കൂടുതല്‍ തിരക്കിന് കാരണമായി. ഇതിനുപിറകെയാണ് മമതയുടെ സന്ദര്‍ശനം. ആശുപത്രി പരിസരത്തുവെച്ച് മമത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തുടങ്ങിയതോടെ ചുറ്റിലും ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങി. ഇതോടെ പൊള്ളലേറ്റ രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍ വാഹനങ്ങള്‍ക്ക് കഴിയാതെ വന്നു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് എന്തുപറ്റിയെന്നറിയാതെ വിഷമിച്ച ബന്ധുക്കള്‍ക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും പറ്റാത്ത അവസ്ഥായായി.’മമത കാരണം ആംബുലന്‍സുകള്‍ക്ക് അടുത്ത കെട്ടിടത്തിലേക്ക് പോകാന്‍ സാധിക്കുന്നില്ല അവരോട് മാറി നില്‍ക്കാന്‍ പറയൂ ”എന്ന് ആരൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളോട് മമത സംസാരിക്കാന്‍ തയ്യാറായതും അവിടേക്ക് മാധ്യമ പ്രവര്‍ത്തകരും സാധാരണക്കാരും എത്തിയതും ആശുപത്രിയിലേക്കുള്ള റോഡ് വീണ്ടും തടസ്സപ്പെടാന്‍ കാരണമായി.