കൊല്‍ക്കത്ത: ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്‌. ചില ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിക്കുന്നവരാണെന്നാണ് മമതയുടെ പരാമര്‍ശം. സംസ്ഥാന നിയമസഭയുടെ 75 ാം വാര്‍ഷിക വേളയിലാണ് മമതാ ബാനര്‍ജി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

Ads By Google

Subscribe Us:

‘ജഡ്ജിമാരില്‍ ചിലര്‍ അഴിമതിക്കാരാണ്. ചിലപ്പോഴെങ്കിലും പണം നല്‍കി വിധി സമ്പാദിക്കുന്ന പതിവ് ചില ജഡ്ജിമാര്‍ക്കെങ്കിലും ഉണ്ട്. ഇത് പറയുന്നത് കൊണ്ട് എനിക്കെതിരെ കേസുണ്ടാകാം. എന്നാലും ഇത് പറയണം. അതിനുവേണ്ടി ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്’- മമത പറഞ്ഞു.

നിഷ്പക്ഷനായി പ്രവര്‍ത്തിക്കുമെന്ന് കരുതിയാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന അശോക് ഗാംഗുലിയെ ബംഗാളിലേക്ക് കൊണ്ടുവന്നതെന്നും എന്നാല്‍ ഇന്ത്യന്‍ പ്രസിഡന്റാണെന്ന രീതിയിലാണ് അദ്ദേഹം ഉത്തരവുകള്‍ പുറത്തുവിടുന്നതെന്നും മമത പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തിലായിരുന്നു മമതയുടെ വിമര്‍ശനം. വിവാദങ്ങളുമായി ഭരണം തുടരുന്ന മമതയുടെ നീതിപീഠനത്തിന് നേരെയുള്ള വിമര്‍ശനം നിയമരംഗത്തും രാഷ്ട്രീയ രംഗത്തും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ജഡ്ജിമാര്‍ക്കെതിരെ മാത്രമല്ല, വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്കെതിരെയും മമതാ ബാനര്‍ജി പരിഹാസം ചൊരിഞ്ഞു. കാറും വീടും ഉണ്ടാക്കുന്നതിനുവേണ്ടിയാണ്  പലരും കമ്മീഷന്‍ അംഗങ്ങളാകുന്നതെന്നായിരുന്നു മമതയുടെ ആരോപണം.

പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെയും മമത വെറുതെ വിട്ടില്ല. മമതയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്‌ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ജാതവ് പൂര്‍ സര്‍വകലാശാല അധ്യാപകന്‍ അംബിഷേക്‌ മഹാപാത്രയ്ക്കും സുഹൃത്ത് സുബ്രത സെന്‍ഗുപ്തയ്ക്കും 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതാണ് കമ്മീഷനെതിരെ തിരിയാന്‍ മമതയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്‌.