കൊല്‍ക്കത്ത: മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞേ തീരൂ എന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.

Subscribe Us:

യു.പി.എ. സര്‍ക്കാറിന്റെ കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കാനും സഖ്യം വിട്ടു പുറത്തുവരാനും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന കക്ഷികളോട് മമത ആവശ്യപ്പെട്ടു. സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു.

Ads By Google

നാടിനെ വിറ്റുതുലയ്ക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രത്തിലെ ന്യൂനപക്ഷസര്‍ക്കാര്‍. ഒന്നിനുപിറകെ ഒന്നായി ജനവിരുദ്ധനടപടികളാണ് അവര്‍ കൈക്കൊള്ളുന്നത്.

നിര്‍ണായകതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമില്ലാത്ത കേന്ദ്രത്തിലെ ന്യൂനപക്ഷസര്‍ക്കാറിന്റെ ജനവിരുദ്ധനടപടികളെപ്പറ്റി പരാതിപ്പെടാന്‍ ഉടന്‍തന്നെ രാഷ്ട്രപതിയെ കാണുമെന്നും മമത വ്യക്തമാക്കി.

യു.പി.എ.യ്ക്കുള്ള പിന്തുണ പിന്‍വലിച്ച നാള്‍മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിനെതിരെയുള്ള മമതയുടെ വാക്‌പോര്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ‘ഫേസ്ബുക്കി’ല്‍ ദിവസവും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അവര്‍ ആഞ്ഞടിക്കുന്നുണ്ട്.

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ കോടിക്കണക്കിന് ആളുകളെ വഴിയാധാരമാക്കുമെന്നും ഒരു ദിവസമെങ്കിലും നേരത്തെ അധികാരത്തില്‍ നിന്നും ഒഴിഞ്ഞുപോയി ജനങ്ങളെ രക്ഷിക്കണമെന്നും മമത പറഞ്ഞു.