കൊല്‍ക്കത്ത: മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കാന്‍ ചില മാധ്യമസ്ഥാപനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നാണ് മമതയുടെ ആരോപണം.

Ads By Google

പശ്ചിമബംഗാളില്‍ അടുത്തകാലത്തായി ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് മമതയെ ചൊടിപ്പിച്ചത്. ഇതിനെതിരെയായിരുന്നു മമതയുടെ പ്രതികരണം. ‘ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്നത് ബിസിനസ് ആണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരക്കാര്‍ നിലകൊള്ളുന്നത് തന്നെ. ഓരോരുത്തരുടേയും കൈയ്യില്‍ നിന്ന് പണം വാങ്ങി അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്.

നിങ്ങള്‍ക്ക് ഒരു ചാനലുണ്ടെന്ന് കരുതി നാട്ടില്‍ അക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കുകയാണെന്ന് പ്രചരിപ്പിക്കുകയല്ല വേണ്ടത്. ആത്മഹത്യകളെ പ്രോത്സാഹിപ്പിക്കുകയും അക്രമസംഭവങ്ങള്‍ ആഘോഷമാക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ മാധ്യമങ്ങള്‍. അത് മാറണം. സത്യം പറയുക, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക’- മമത പറഞ്ഞു.