എഡിറ്റര്‍
എഡിറ്റര്‍
ബംഗാളില്‍ ബന്ദ് നടത്താന്‍ അനുവദിക്കില്ല: മമത
എഡിറ്റര്‍
Tuesday 19th February 2013 12:35am

കൊല്‍ക്കത്ത: ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച രണ്ട് ദിവസത്തെ അഖിലേന്ത്യാ ബന്ദ് ബംഗാളില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.

Ads By Google

ദക്ഷിണ24 പര്‍ഗാനയിലെ ഡയമണ്ട് ഹാര്‍ബറില്‍ നടന്ന റാലിക്കിടയിലാണ് മമത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ചത്.

രണ്ട് ദിവസം ബന്ദ് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും പതിവുപോലെ തന്നെ ബന്ദുള്ള ദിവസവും സ്‌കൂളുകളും ഓഫീസുകളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും മമത പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഈ ബന്ദിന് പിന്നില്‍. അതില്‍ ബംഗാളിലെ ജനങ്ങളെ ഉള്‍പ്പെടുത്തില്ല. എന്നാല്‍ സി.പി.ഐ.എം. ഭരണത്തില്‍ തിരിച്ചുവരുമെന്ന് ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും ബംഗാളില്‍ ഉണ്ട്. അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മമത പറഞ്ഞു.

ഇനിയുള്ള രണ്ട് ദിവസം കടകമ്പോളങ്ങള്‍ അടച്ചിടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഈ ബന്ദിനോട് നിങ്ങള്‍ സഹകരിക്കരുത്. പതിവുപോലെ തന്നെ നിങ്ങള്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം.

തുറന്നുപ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം തരും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ബന്ദിന്റെ പേരില്‍ ആരെങ്കിലും നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ അവരെ കര്‍ശനമായി നേരിടും.

ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അവരെ ബന്ദിന്റെ ഭാഗമാക്കാന്‍ ആരും ശ്രമിക്കണ്ട. ആളുകള്‍ക്ക് ഇഷ്ടമാണെങ്കില്‍ അവരുടെ സ്ഥാപനങ്ങള്‍ തുറക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും മമത പറഞ്ഞു.

ബന്ദില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പും ബന്ദില്‍ പങ്കെടുത്തവരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

കേന്ദ്ര തൊഴിലാളിയൂണിയനുകള്‍ രണ്ടുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫിബ്രവരി 21 ബംഗാളിഭാഷാദിനമായി ആചരിക്കുന്നതിനാല്‍ ആ ദിവസത്തെ പണിമുടക്കില്‍നിന്ന് ബംഗാളിനെ ഒഴിവാക്കിയിരുന്നു.

Advertisement