കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 54,213 വോട്ടുകള്‍ക്കാണ് മമതാ ബാനര്‍ജി വിജയിച്ചത്. സെപ്തംബര്‍ 25നായിരുന്നു വോട്ടെടുപ്പ്. വര്‍ഷം നീണ്ടു നിന്ന ഇടതു ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തില്‍ വന്നതോടെയാണ് കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച് മമത പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായത്.

മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറു മാസത്തിനുള്ളില്‍ നിയമസഭായിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന ചട്ടമുള്ളതിനാലാണ് മമത ഭവാനിപൂരില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. മമതയ്ക്കു മത്സരിക്കുന്നതിനായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി സുബ്രതാബക്ഷി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇടതുപക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന ബസിറാത് സീറ്റും മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്. 31,000 വോട്ടിന്റെ മാര്‍ജിനിലാണ് ഇവിടെ തൃണമൂലിന്റെ ജയം.