എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെ മാധ്യമനീക്കം നടക്കുന്നു, ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അധികാരത്തില്‍ നിന്നിറങ്ങും: മമത
എഡിറ്റര്‍
Friday 20th April 2012 10:41am

കൊല്‍ക്കത്ത: തനിക്കെതിരെ മാധ്യമപ്രചരണം നടക്കുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങള്‍ക്കുവേണ്ടി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരികയെന്ന തന്റെ ലക്ഷ്യത്തെ തകര്‍ക്കാന്‍ ഈ കുപ്രചരണങ്ങള്‍ക്കാവില്ലെന്നും മമത വ്യക്തമാക്കി.

‘ നിങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യുന്നതില്‍ നിന്നും മമത ബാനര്‍ജിയെ തടയാന്‍ ഒന്നിനും കഴിയില്ല. നുണകളുടെയും തെറ്റുകളുടെയും പ്രചാരണം കൊണ്ട് ഞങ്ങളുടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഞാന്‍ തെളിയിച്ചുകൊടുക്കും. ഒരു തരത്തിലുള്ള കുപ്രചരണങ്ങളും നിങ്ങളെ സഹായിക്കില്ല’  സര്‍ക്കാരിന് മോശം പ്രതിച്ഛായയുണ്ടാക്കുന്നതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് മമത പറഞ്ഞു.

ഏത് ടെലിവിഷന്‍ ചാനലുകളാണ് നിങ്ങള്‍ കാണേണ്ടതെന്ന ഉപദേശവും മമത ജനങ്ങള്‍ക്ക് നല്‍കി. രണ്ട് പ്രധാന വാര്‍ത്താ ചാനലുകളെ എടുത്ത് പറഞ്ഞ് അവര്‍ ദിവസവും നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് മമത പറഞ്ഞു. 34 വര്‍ഷത്തെ ഇടത് ഭരണത്തില്‍ നശിപ്പിക്കപ്പെട്ട ബംഗാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ താന്‍ കഠിന പരിശ്രമം നടത്തുന്നതിനിടെയാണ് ഈ കള്ളക്കഥകള്‍ പ്രചരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

‘ നിങ്ങള്‍ ഒരിക്കലും കാണാന്‍ പാടില്ലാത്ത രണ്ട് ടെലിവിഷന്‍ ചാനലുകളുണ്ട്. ഇത് കാണുന്നതിന് പകരം മറ്റു ചാനലില്‍ ഗാനം കേള്‍ക്കുന്നതാണ് നല്ലത്.  എനിക്കെതിരെ ചൂണ്ടപ്പെടുന്ന വിരലുകളെ ഞാന്‍ ഭയക്കുന്നില്ല.  ബംഗാളിലെ മാ, മതി മനുഷ് മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്’ മമത പറഞ്ഞു.

തനിക്ക് ഭരിക്കാന്‍ കഴിയുന്നില്ലെന്ന് ബംഗാളിലെ ജനങ്ങള്‍ എന്ന് പറയുന്നുവോ അന്ന് താന്‍ ഈ സ്ഥാനം ഉപേക്ഷിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ചെയ്തതുപോലെ താന്‍ അധികാരത്തില്‍ തൂങ്ങി നില്‍ക്കില്ല. അധികാരത്തിനുവേണ്ടിയുള്ള ദാഹം തനിക്കില്ലെന്നും മമത വ്യക്തമാക്കി.

‘ എനിക്ക് കുടുംബമില്ല. ജനങ്ങളാണ് എന്റെ കുടുംബം. ജനങ്ങള്‍ക്കുവേണ്ടി രക്തം വരെ നല്‍കാന്‍ തയ്യാറായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്’ മമത പറഞ്ഞു.

Advertisement