ലാല്‍ഗഡ്: മാവോവാദികള്‍ക്കെതിരെ നടക്കുന്ന ഓപറേഷന്‍ ഗ്രീന്‍ഹണ്ട് നിര്‍ത്തിവെച്ച് അവരുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ലാല്‍ഗഡില്‍ തൃണമൂല്‍ സംഘടിപ്പിച്ച തീവ്രവാദവിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

മാവോവാദികള്‍ക്കെതിരെ നടക്കുന്ന സൈനിക നടപടി നിര്‍ത്തിവെക്കണം. അതിന് പശ്ചിമ ബംഗാള്‍ മാതൃക കാണിക്കണം. ചര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിങ്ങള്‍ക്ക് എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ മേധാ പട്കറും സ്വാമി അഗ്നിവേശും ചര്‍ച്ചക്ക് നേതൃത്വം നല്‍കിക്കൊള്ളും’ മമത വ്യക്തമാക്കി.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറായ മാവോയിസ്റ്റ് നേതാവ് ആസാദ് എന്ന ചെറുകുറി രാജ്കുമാറിനെ വധിച്ചത് ശരിയായില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

സി പി ഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ മെമ്പറും, മാവോവാദികളുടെ വക്താവുമായ ചെറുകുറി രാജ്കുമാര്‍ എന്ന ആസാദിനെ ജൂലൈ2ന് ആന്ധ്രപ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.

‘ആസാദിനെ കൊലപ്പെടുത്തിയത് ശരിയായില്ല. സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കൊല്ലപ്പെടുന്നതിന് മു്മ്പ് ആസാദ് സ്വാമി അഗ്നിവേശിനോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആസാദ് കൊല്ലപ്പെട്ടത്. സമാധാന ശ്രമവുമായി മുന്നോട്ടുപോകാമെന്നാണ് പ്രതീക്ഷ. മാവോവാദികള്‍ അക്രമം നിര്‍ത്തി ചര്‍ച്ചക്ക് തയ്യാറാകണം’. മമത പറഞ്ഞു.

അതേസമയം കേന്ദ്ര റയില്‍വേ മന്ത്രി മമത ബാനര്‍ജി നയിക്കുന്ന റാലിയെ ചൊല്ലി ലോക്‌സഭയില്‍ ബഹളമുണ്ടായി. ചില മാവോയിസ്റ്റ് സംഘടനകള്‍ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചതാണു വിവാദമായത്.

മാവോയിസ്റ്റുകളുമായി ചേര്‍ന്നുള്ള കേന്ദ്രമന്ത്രിയുടെ സമരം ദേശവിരുദ്ധം ആണെന്നു സി പി ഐ എം നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്പീക്കര്‍ മീരാ കുമാറും പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സലും ഇടപെട്ടാണു ബഹളം അവസാനിപ്പിച്ചത്.

മാവോയിസ്റ്റ് അനുകുല സംഘടനയായ പി സി പി എ റാലിയില്‍ പങ്കെടുക്കുന്നത് മാവോയിസ്റ്റുകളും മമത ബാനര്‍ജിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്ന്
സി പി ഐ എം ആരോപിച്ചു.