ന്യൂദല്‍ഹി: ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു മമതയുടെ പ്രസ്താവന.

മാര്‍ച്ച് 23 ന് മുമ്പായി ഫോണ്‍ നമ്പറുകളുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലകോം മന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മമത.

ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്യില്ല, ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല- മമത പറയുന്നു.

2018 ഫെബ്രുവരിയ്ക്ക് മുന്‍പായി എല്ലാ കമ്പനികളുടെ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. അല്ലാത്തപക്ഷം എല്ലാ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും നിര്‍ജ്ജീവമാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു


Dont Miss വാഷിങ്ടണിലെ വെള്ളക്കെട്ടിലൂടെ ശിവരാജ് സിങ്ങിനെ എടുത്തുകൊണ്ടുപോകുന്ന എഫ്.ബി.ഐ ഏജന്റുമാര്‍: യു.എസിനേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളെന്ന ചൗഹാന്റെ പ്രസ്താവനയെ ട്രോളി സൈബര്‍ ലോകം


ഇതുമായി ബന്ധപ്പെട്ട നോട്ടീസ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അയച്ചിട്ടുണ്ട്.

ലോക്‌നിറ്റി ഫൗണ്ടേഷന്‍ കേസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ആധാര്‍ മൊബൈല്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നസുപ്രീം കോടതി ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ സിംകാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്.