മമത ബാനര്‍ജി- Mamata Banarjee

കൊല്‍ക്കത്ത: ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തും. ഫേസ്ബുക്കിലൂടെയാണ് മമത ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

Ads By Google

ചില്ലറ വിപണിയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം, പാചകവാതക സിലിണ്ടറിന് പരിധി നിശ്ചയിച്ചത്, ഡീസല്‍ വിലവര്‍ധന എന്നിവ പിന്‍വലിക്കുക എന്ന ആവശ്യവുമായാണ് മമതയുടെ പ്രതിഷേധ പ്രകടനം. ‘ ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്കാണ് പരമാധികാരം. ഈ യുദ്ധത്തില്‍ നമുക്ക് ഒത്തൊരുമിച്ച് പോരാടാം. നമ്മുടെ ശബ്ദമാണ് ജനങ്ങളുടെ ശബ്ദം, നാം സ്വരമുയര്‍ത്തണം. എന്നാലെ സര്‍ക്കാര്‍ തങ്ങളുടെ തീരുമാനം പുന:പരിശോധിക്കുകയുള്ളൂ’ മമത ഫേസ്ബുക്കില്‍ കുറിച്ചു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളെ പ്രേരിപ്പിക്കണമെന്നും ഫെയ്‌സ്ബുക്കിലൂടെ മമത അഭ്യര്‍ഥിച്ചു.

യു.പി.എയില്‍ നിന്ന് രാജിവെച്ച് കേന്ദ്രസര്‍ക്കാറിന് കടുത്ത തലവേദനയുണ്ടാക്കാമെന്ന മമതതയുടെ ആഗ്രഹം വെറും ആശ മാത്രമായതോടെ അടുത്ത അടവുമായി മമത രംഗത്തെത്തിയിരിക്കുന്നത്.