കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി മമത ബാനര്‍ജി ബഹിഷ്‌കരിച്ചു. കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ എന്‍.എസ്.ജി ഹബ്ബിന്റെ ഉദ്ഘാടനച്ചടങ്ങാണ്  മമത ബാനര്‍ജി ബഹിഷ്‌കരിച്ചത്. ബംഗാളില്‍ ഭീകരവിരുദ്ധകേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മമതയുടെ ബഹിഷ്‌കരണം.

മാവോയിസ്റ്റ്, തീവ്രവാദ ഭീഷണികള്‍ നേരിടാന്‍ രൂപീകരിച്ച ഹബ്ബ് ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്രമന്ത്രി  പി. ചിദംബരം കൊല്‍ക്കത്തയിലെത്തിയത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയുടെ ഭാഗമായാണ് മമത ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് വിലയിരുത്തല്‍. ദേശീയ ഭീകരവിരുദ്ധകേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മമത കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.എസ്.ജി ഹബ്ബിന്റെ ഉദ്ഘാടനം പോലുള്ള പ്രധാന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത്.

മമതയുടെ ഈ നടപടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാക്കും എന്നതില്‍ തര്‍ക്കമില്ല.

ഭീകരവിരുദ്ധകേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കും എന്നാണ് മമതയുടെ ആരോപണം.

Malayalam news

Kerala news in English