കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാര്‍ട്ടൂണ്‍ വരച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേര്‍ക്കും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. പ്രൊഫസര്‍ അംബികേഷ് മഹാപത്ര, അയല്‍ക്കാരനായ സുബ്രതാ സെന്‍ഗുപ്ത എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

Ads By Google

ഇവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഡീഷനല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മിലന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ബിശ്വാസ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം.

അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ അശോക് കുമാര്‍ ഗാംഗുലിയും മറ്റ് രണ്ട് അംഗങ്ങളും കണ്ടെത്തിയത്. ആറാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് മഹാപത്ര. മമതയുടേയും റെയില്‍വെ മന്ത്രി മുകുള്‍ റോയിയുടേയും കാര്‍ട്ടൂണ്‍ മഹാപത്രയും സെന്‍ഗുപ്തയും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി കഴിഞ്ഞ ഏപ്രിലിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.

കാര്‍ട്ടൂണ്‍ വരച്ചവര്‍ക്കെതിരെ മമതയും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നായിരുന്നു മമതയുടെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. മഹാപത്രയെയും സെന്‍ഗുപ്തയെയും ‘സംരക്ഷിത കസ്റ്റഡി’ യിലെടുക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ സംരക്ഷിത കസ്റ്റഡിയ്ക്കുണ്ടായ സാഹചര്യം വിശദീകരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.

ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ജനതയ്ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശത്തോട് പ്രതികരിച്ചുകൊണ്ട് മഹാപാത്ര പറഞ്ഞു.

ഏപ്രില്‍ 12 ന് അറസ്റ്റിലായ പ്രൊഫസര്‍ മഹാപത്രയ്ക്കും സെന്‍ഗുപ്തയ്ക്കും ഒരു ദിവസം മുഴുവന്‍ ലോക്കപ്പില്‍ കഴിയേണ്ടി വന്നിരുന്നു. 70 വയസ്സിലധികമുള്ള ഇരുവര്‍ക്കും പിറ്റേദിവസമാണ് ജാമ്യം ലഭിച്ചത്.