മമത ബാനര്‍ജി- Mamata Banarjee

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും മമതാ ബാനര്‍ജി. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ പലകാര്യങ്ങളിലും തീരുമാനമെടുക്കുന്നതെന്നും വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് സോണിയാ ഗാന്ധിയെ താന്‍ നേരത്തേ അറിയിച്ചിരുന്നെന്നും മമത പറഞ്ഞു.

കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പിന്തുണ പിന്‍വലിച്ചതിന് ശേഷം തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. കേന്ദ്രം തെറ്റിദ്ധാരണ പരത്തുകയാണ്. ചില ചാനലുകളെ നിയന്ത്രിച്ചത് പോലെ തന്നെ നിയന്ത്രിക്കാനാവില്ലെന്നും മമത പറഞ്ഞു.

Ads By Google

അതേസമയം, മമതയുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന കോര്‍കമ്മിറ്റിയിലും ഇതേ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി.ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍ പങ്കെടുത്തത്.

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, ഡീസല്‍ വിലവര്‍ധന, പാചകവാതക സബ്‌സിഡി വെട്ടിക്കുറച്ചത് എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

തൃണമൂലിന്റെ ആറ് കേന്ദ്രമന്ത്രിമാരും വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിക്കുമെന്നും  സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായാല്‍ പിന്തുണ പിന്‍വലിക്കാനുളള നീക്കം പുന:പരിശോധിക്കുമെന്നായിരുന്നു മമത അറിയിച്ചിരുന്നത്.

ജനങ്ങള്‍ക്കു വേണ്ടി എടുത്ത കടുത്ത തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. എന്തെങ്കിലും പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കും. മമത ബാനര്‍ജി വ്യക്തമാക്കി.

തൃണമൂലിന്റെ പിന്‍വാങ്ങലോടെ ന്യൂനപക്ഷമായ യു.പി.എ സര്‍ക്കാരിന് ഇപ്പോള്‍ 543 അംഗ ലോക്‌സഭയില്‍ 251 പേരുടെ പിന്തുണ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റെങ്കിലും വേണം.