കൊല്‍ക്കത്ത: ബി.എസ്.പി നേതാവ് മായാവതിക്കും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറി ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാണ് മമത ആവശ്യപ്പെട്ടത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നതിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് മമത വോട്ടിങ് മെഷീനുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.


Also Read: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് അറിഞ്ഞിട്ടില്ല, പങ്കെടുക്കുമെന്ന് പറഞ്ഞിട്ടില്ല: ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ കെ.കെ രമ 


‘ഞാനൊന്നും പറയുന്നില്ല. നിയമപരമായി ശക്തനാണ് സുബ്രഹ്മണ്യന്‍സ്വാമി. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുകയും അന്വേഷണ വിധേയമാക്കുകയും ചെയ്യണം.’ മമത ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മമത വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മാര്‍ച്ച് 11നാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി മമതാ ബാനര്‍ജി രംഗത്തുവന്നത്. ഇതിനു പിന്നാലെ മമതയുടെ ആരോപണത്തിന് തെളിവുമായി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തുകയായിരുന്നു. പഞ്ചാബില്‍ എ.എ.പി സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ടുവെചയ്തിട്ടും സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.