കൊല്‍ക്കൊത്ത: സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയും പ്രത്യയശാസ്ത്രത്തിനെതിരെയും കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍. ഇടത് അനുകൂല പത്രങ്ങള്‍ നിരോധിച്ചതിനും പാഠപുസ്തകത്തിലെ മാര്‍ക്‌സിസ്റ്റ് പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയതിനും പിന്നാലെ സി.പി.ഐ.എം അനുകൂലികളെ വിവാഹം കഴിക്കരുതെന്നും സംസാരിക്കരുതെന്നും ‘ഫത്‌വ’ പുറപ്പെടുവിച്ചിരിക്കയാണിപ്പോള്‍.

തൃണമൂല്‍ നേതാവും ഭക്ഷ്യമന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കാണ് ഹബ്രയില്‍ പ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ‘സി.പി.എം. അണികളുമായി ഇടപഴകരുത്. ചായക്കടയില്‍വച്ചുപോലും അവരോടു സംസാരിക്കരുത്. വിവാഹാലോചനകള്‍ വരുമ്പോള്‍ സി.പി.ഐ.എം. ബന്ധമുള്ളവരെ ഒഴിവാക്കണം’ തുടങ്ങിയവയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നിരവധി സി.പി.എം. പ്രവര്‍ത്തകരാണ് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സി.പി.ഐ.എമ്മിനെതിരായ പോരാട്ടം ശക്തമാക്കണമെന്നും സി.പി.ഐ.എം. അനുഭാവമുള്ള ബന്ധുക്കളെ അവഗണിക്കാനും മന്ത്രി അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതില്‍ പുതുതായി ഒന്നുമില്ലെന്നാണ് സി.പി.ഐ.എം നേതാവ് മുഹമ്മദ് സാലിം പ്രതികരിച്ചത്. ‘ ഇതില്‍ പുതുതായി ഒന്നുമില്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുന്ന തൃണമൂലില്‍ നിന്ന് ഇത്രയൊക്കെ മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ’ അദ്ദേഹം വ്യക്തമാക്കി.