അഹമ്മദാബാദ്: ലോക്പാല്‍ ബില്‍ പാസാക്കുന്നതിനായി നിരാഹാരസമരമനുഷ്ഠിച്ച ഗാന്ധിയന്‍ അണ്ണാ സഹാരെ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഗുജറാത്തിലെ വികസനത്തെക്കുറിച്ചും നരേന്ദ്ര മോഡിയുടെ നയങ്ങളെക്കുറിച്ചും പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായിരിക്കുന്നത്.

നിരാഹാരം അവസാനിപ്പിച്ചുകൊണ്ടാണ് ഹസാരെ വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന പ്രസംഗം നടത്തിയത്. ഗുജറാത്തിലെ വികസനത്തെക്കുറിച്ചും കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിയെക്കുറിച്ചുമാണ് ഹസാരെ വാചാലനായത്.

ഇതിനെതിരേ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ തന്നെയാണ് രംഗത്തെത്തിയിട്ടുള്ളത്. പ്രശസ്ത കലാകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലികാ സാരാഭായ് ആണ് ഹസാരെയുടെ പ്രസ്താവനക്കെതിരേ രംഗത്തെത്തിയത്.

ഗുജറാത്തിലെ വികസനത്തെക്കുറിച്ചുള്ള ഹസാരെയുടെ പരാമര്‍ശം തന്നെ അല്‍ഭുതപ്പെടുത്തിയതായി സാരാഭായ് പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷികമേഖല കനത്ത നാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സാരാഭായ് പ്രതികരിച്ചു.