ഭുവനേശ്വര്‍: ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനുശേഷം തട്ടിക്കൊണ്ടുപോയ മാല്‍ക്കങ്കരി ജില്ലാ കലക്ടറെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചു. കല്കടറോടൊപ്പം തട്ടിക്കൊണ്ടുപോയ ജൂനിയര്‍ എന്‍ജിനീയറെ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. മാവോയിസ്റ്റുകള്‍ മാന്യമായാണ് പെരുമാറിയതെന്നും പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

മാല്‍ക്കങ്കരി ജില്ലയിലെ പാപ്പര്‍മേത്‌ല പ്രദേശത്തുനിന്നുമാണ് കലക്ടര്‍ വിനീല്‍ കൃഷ്ണയെയും എന്‍ജിനീയര് പബിത്ര മാജിയെയും മാവോയിസ്റ്റുകള്‍ ഫെബ്രുവരി 16ന് തട്ടിയെടുത്തത്. തുടര്‍ന്ന് ഒറീസ സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി അനുരഞ്ജനചര്‍ച്ചകള്‍ നടത്തുകയും ഇരുവരെയും ഉടനേ മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതിനിടെ എന്തിനാണ് ജയിലിലുള്ള കൂടുതല്‍ മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്ന ആവശ്യം മാവോയിസ്റ്റുകള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥര്‍ മാവോയിസ്റ്റുകളുമായി വീണ്ടും ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് കലക്ടറെ മോചിപ്പിച്ചത്.