ഭുവനേശ്വര്‍: മാവോയിസ്റ്റുകളുടെ തട്ടിയെടുത്ത മാല്‍ക്കങ്കരി ജില്ലാ കലക്ടര്‍ ആര്‍.വിനീല്‍ കൃഷ്ണയെ ഇതുവരെ മോചിപ്പിക്കാനായില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തട്ടിക്കൊട്ടുപോയ ജൂനിയര്‍ എന്‍ജിനീയര്‍ പബിത്ര മാജിയെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി മോചിപ്പിച്ചിട്ടുണ്ട്.

മാല്‍ക്കങ്കരി ജില്ലയിലെ പാപ്പര്‍മേത്‌ല പ്രദേശത്തുനിന്നുമാണ് കലക്ടറെയും എന്‍ജിനീയറെയും മാവോയിസ്റ്റുകള്‍ ഫെബ്രുവരി 16ന് തട്ടിയെടുത്തത്. തുടര്‍ന്ന് ഒറീസ സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി അനുരഞ്ജനചര്‍ച്ചകള്‍ നടത്തുകയും ഇരുവരെയും ഉടനേ മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ എന്‍ജിനീയര്‍ കഴിഞ്ഞദിവസം ഉച്ചയോടെ തിരിച്ചെത്തി. ചിത്രകോണ്ടയ്ക്കടുത്ത ജല്‍ബായ് പ്രദേശത്ത് ഇയാളെ ബൈക്കില്‍ എത്തിക്കുകയായിരുന്നു. കലക്ടര്‍ വിനീല്‍ കൃഷ്ണയെയും തന്നെയും മാവോയിസ്റ്റുകള്‍ അക്രമിച്ചിട്ടില്ലെന്ന് എന്‍ജിനിയര്‍ പബിത്ര മാജി വ്യക്തമാക്കി.

അതിനിടെ എന്തിനാണ് കലക്ടറെ ബന്ദിയാക്കിയിരിക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ജയിലിലുള്ള കൂടുതല്‍ മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും സൂചനയുണ്ട് . സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥര്‍ മാവോയിസ്റ്റുകളുമായി വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.