Administrator
Administrator
മാലദ്വീപ് മന്ത്രിസഭായോഗം കടലിനടിയില്‍ ചേര്‍ന്നു
Administrator
Saturday 17th October 2009 12:14pm

maledweep
കൊളംബോ: ആഗോളതാപനത്തിന്റെ തിക്തഫലം ലോകത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി മാലദ്വീപില്‍ കടലിന്നടിയില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. സമുദ്രനിരപ്പില്‍ നിന്ന് അഞ്ചുമീറ്റര്‍ ആഴത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്‍ അധ്യക്ഷം വഹിച്ചു.

14 ക്യാബിനറ്റ് മന്ത്രിമാരില്‍ മൂന്നുപേരൊഴികെ എല്ലാവരും യോഗത്തില്‍ പങ്കെടുത്തു. ഒരാള്‍ വിദേശ സന്ദര്‍ശനത്തിലാണ്. മറ്റ് രണ്ടുപേര്‍ക്ക് വെള്ളത്തിനടിയിലേക്ക് പോകാന്‍ മെഡിക്കല്‍ വിദഗ്ധരുടെ അനുമതി ലഭിച്ചിരുന്നില്ല.
ആഗോളതാപനത്തിന്റെ ഫലമായി ജലനിരപ്പുയര്‍ന്ന് രാജ്യം വെള്ളത്തില്‍ മുങ്ങുന്ന അപകടത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് അപൂര്‍വ്വ മന്തിരസഭാ യോഗത്തിലൂടെ മാലദ്വീപ് ശ്രമിച്ചത്. കടലുയര്‍ന്നാല്‍ ഭൂമുഖത്ത് ആദ്യം മുങ്ങിപ്പോകുന്ന രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്. കടലിനടിയില്‍ കുതിരലാടത്തിന്റെ ആകൃതിയില്‍ സ്ഥാപിച്ച മേശക്കു ചുറ്റുമാണ് മന്ത്രിമാര്‍ ഒത്തുചേര്‍ന്നത്. തലസ്ഥാനമായ മാലയില്‍ നിന്ന് 25 മിനിറ്റ് സ്പീഡ് ബോട്ടില്‍ സഞ്ചരിച്ചാണ് മന്ത്രിമാര്‍ കടലില്‍ യോഗം നടക്കുന്ന സ്ഥലത്തെത്തിയത്.
സന്നദ്ധ സംഘടനയായ 350 ഡോട്ട് ഒ.ആര്‍.ജി.യാണ് പ്രസിഡന്റ് നഷീദിനു മുന്നില്‍ ഇങ്ങനെയൊരാശയം വെച്ചത്. വെള്ളത്തിനടിയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ആംഗ്യഭാഷയിലായിരുന്നു മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ച.

ശ്രീലങ്കക്ക് തെക്കുപടിഞ്ഞാറുള്ള ഈ കൊച്ചുദ്വീപസമൂഹത്തിലെ മിക്ക ദ്വീപുകള്‍ക്കും സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പോലും ഉയരമില്ല. 2,100 ഓടെ സമുദ്രനിരപ്പ് 18 മുതല്‍ 59 വരെ സെന്റീമീറ്റര്‍ ഉയരുമെന്നും അതോടെ മാലദ്വീപ് താമസയോഗ്യമല്ലാതെയാവുമെന്നും ഐക്യരാഷ്ട്രസഭ രണ്ടുവര്‍ഷം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.രാജ്യം മുങ്ങുമ്പോള്‍ താമസിക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ വേറെ സ്ഥലം വാങ്ങുന്നതായും വാര്‍ത്ത വന്നിരുന്നു.

ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടു വഴിയേയുള്ളൂ. ആഗോളതാപനം കുറയ്ക്കുക, മാലെദ്വീപിലെ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുക, ഈ ആശയങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടുള്ള അന്താരാഷ്ട്ര പ്രചാരണ പരിപാടികളുടെ ഭാഗമാണ് കടലിനടിയിലെ മന്ത്രിസഭാ യോഗം.

ഒ­ക്ടോ­ബര്‍ 17 2009

Advertisement