എഡിറ്റര്‍
എഡിറ്റര്‍
മാലിദ്വീപ്: അബ്ദുല്ല യമീന് വിജയം
എഡിറ്റര്‍
Sunday 17th November 2013 12:55am

yameen

മാലിദ്വീപ്: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപ് സ്ഥാനാര്‍ത്ഥിയായ അബ്ദുല്ല യമീന് വിജയം. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പ്രധാന എതിരാളിയായിരുന്ന യമീന്‍ 51.62 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

രണ്ടു വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് യമീന്‍ പ്രസിഡന്റായിരിക്കുന്നത്. 48.6 ശതമാനം വോട്ട് മാത്രമാണ് നഷീദിന് നേടാന്‍ സാധിച്ചത്. മാലിദ്വീപ് ഭരണഘടന പ്രകാരം 50 ശതമാനത്തിലേറെ വോട്ട് നേടിയാലെ ഭരിക്കാന്‍ സാധിക്കുകയുള്ളു.

നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ നഷീദിനായിരുന്നു കൂടുതല്‍ വോട്ട് ലഭിച്ചത്. 47 ശതമാനം വോട്ടായിരുന്നു നഷീദിന് ലഭിച്ചിരുന്നത്.

സാമ്പത്തിക വിദഗ്ധനും 54 കാരനുമായ അബുദുല്ല യമീന്‍ മാലിദ്വീപ് മുന്‍ ഭരണാധികാരി മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ അര്‍ധ സഹോദരനാണ്.

മാസങ്ങളായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം മുറുകിവരുന്നതിനിടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഫുവാദ് തൗഫീഖ് പറഞ്ഞു. പ്രാഥമിക ഫലങ്ങള്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമതടസ്സങ്ങളെയും വിവാദങ്ങളെയും തുടര്‍ന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പല തവണ മാറ്റിവെച്ചിരുന്നു. എങ്കിലും വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ ഏഴരയോടെ തന്നെ പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടു.

വോട്ടര്‍മാരുടെ പരാതികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടിങ് പൊതുവെ സമാധാനപരമായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Advertisement