എഡിറ്റര്‍
എഡിറ്റര്‍
അറസ്റ്റ്‌ ഭയന്ന് മാലെദ്വീപ് പ്രസിഡണ്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി
എഡിറ്റര്‍
Thursday 14th February 2013 9:43am

മാലെ: പുറത്താക്കപ്പെട്ട മുന്‍ മാലെദ്വീപ് പ്രസിഡണ്ട് മുഹമ്മദ് നഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.  നഷീദിനെതിരെ മാലെദ്വീപ്  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്.   ഇന്ത്യന്‍ എംബസിക്ക് പുറത്ത് പോലീസ് ശക്തമായി കാവലുറപ്പിച്ചിട്ടുണ്ട്.

നഷീദ് പ്രസിഡണ്ടായ സമയത്ത്  ക്രിമിനല്‍  കോടതി ജഡജിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഈമാസം 11 ന് ഹുല്‍ഹുമാലെ മജിസ്‌ട്രേറ്റ് കോടതിയാണ് നഷീദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട തുടര്‍വാദത്തിന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

Ads By Google

ഇത് വരെ അദ്ദേഹം വിദേശ രാജ്യങ്ങളിലായിരുന്നു അഭയം തേടിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പോലീസ് കലാപത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിക്ക് പുറത്ത നഷീദിന്റെ അനുയായികള്‍ തടിച്ച് കൂടിയിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ രാജ്യം കനത്ത പ്രക്ഷോപത്തിന് സാക്ഷിയാകുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2008 ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡണ്ടായിരുന്നു അദ്ദേഹം. അധികാരത്തിലെത്തി കുറച്ച് കാലത്തിന് ശേഷം സൈനിക മേധാവികള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പദ്ധതി നടത്തിയതോടെയാണ് പ്രസിഡണ്ട് സ്ഥാനം നഷീദ് ഒഴിയുന്നത്. അന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ  മാലെദ്വീപ്  ഡമോക്രാറ്റിക് പാര്‍ട്ടിയുടെ (എം.ഡി.പി ) പ്രവര്‍ത്തകര്‍ രാജ്യവ്യാപക പ്രക്ഷോപം നടത്തിയിരുന്നു.

എന്നാല്‍ സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നഷീദിനെ ഒഴിവാക്കാനാണ് കോടതി വാറണ്ടെന്ന് എം.ഡി.പി വക്താവ് ഹാമിദ് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

തന്റെ സുരക്ഷക്ക് വേണ്ടിയാണ് താന്‍ എംബസിയില്‍ അഭയം തേടിയതെന്ന് നഷീദ് ട്വിറ്ററില്‍ പ്രതികരിച്ചു. ഇന്ന് അദ്ദേഹം  ഇന്ത്യന്‍  ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹൈക്കമ്മീഷണര്‍ നാട്ടിലായതിനാല്‍ ഇന്നലെ അദ്ദേഹം മാലെദ്വീപിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രസിഡണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞതിന് ശേഷം അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ച് മാലെദ്വീപ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Advertisement