എഡിറ്റര്‍
എഡിറ്റര്‍
മലേഷ്യന്‍ വിമാനം: അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍
എഡിറ്റര്‍
Thursday 20th March 2014 9:51am

malasian-airjet

മെല്‍ബണ്‍: 239 യാത്രക്കാരുമായി പുറപ്പെട്ട് കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് സൂചന ലഭിച്ചതായി ഒാസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. കാണാതായ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടെന്നതിന്റെ രണ്ട് ഉപഗ്രചിത്രങ്ങള്‍ ലഭിച്ചതായാണ് സൂചന.

ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്.

ഇക്കാര്യം മലേഷ്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പറഞ്ഞെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. പുതിയ തെളിവുകള്‍ വിശ്വസിക്കാവുന്നതാണെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍മേഖലയിലാണ് ഇവകണ്ടതെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ ഓസ്‌ട്രേലിയന്‍ വിമാനങ്ങള്‍ തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണതാവാനുള്ള സാധ്യതയേറി. പശ്ചിമ ഇന്‍ഡൊനീഷ്യ മുതല്‍ പശ്ചിമ ഓസ്‌ട്രേലിയ വരെയുള്ള സമുദ്ര ഇടനാഴിയിലാണ് തിരച്ചില്‍ നടന്നു വരുന്നത്.

ആന്ധ്രാതീരത്ത് വിമാന ഭാഗങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പോലീസിനെ അറിയിച്ചിരുന്നു. കാണതായ മലേഷ്യന്‍ വിമാനത്തിന്റെ തന്നെയാണോ അവശിഷ്ടങ്ങള്‍ എന്ന് ആന്ധ്രാ പോലീസ് സ്ഥിരീകരിച്ചിരുന്നില്ല.

എം.എച്ച് 370 വിമാനം കഴിഞ്ഞ എട്ടാം തിയതി കൊലാലംപൂരില്‍ നിന്ന ബെയ്ജിങിലേക്ക് പോകുംവഴിയാണ് കാണാതാവുന്നത്. വിമാനം കാണാതായതിന് പിന്നാലെ തീവ്രവാദ ബന്ധമടക്കം നിരവധി ദുരൂഹതകള്‍ നിലനിന്നിരുന്നു.

ആദ്യം വിമാനം കടലില്‍ മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ കടലിലും മറ്റിടങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു. പിന്നീട് വിമാനം റാഞ്ചിയതാണെന്ന മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

Advertisement