എഡിറ്റര്‍
എഡിറ്റര്‍
മലേഷ്യന്‍ വിമാനം കാണാതായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു: ഇന്ത്യന്‍ മഹാസമുദ്രത്തിലും തിരച്ചില്‍
എഡിറ്റര്‍
Friday 14th March 2014 6:30am

malasian-airjet

കൊലാലംപുര്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പുറപ്പെട്ട മലേഷ്യന്‍വിമാനം കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു. അന്വേഷണത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

അതേ സമയം വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപിച്ചിട്ടുണ്ട്. വിമാനത്തിലെ സ്വയംനിയന്ത്രിത വിനിമയസംവിധാനം മണിക്കൂറുകളോളം പിന്നെയും പ്രവര്‍ത്തിച്ചിരുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷവും അഞ്ച് മണിക്കൂര്‍  വിമാനം പറന്നതായുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. യഥാര്‍ഥ ദിശയില്‍ നിന്നും ഗതിമാറി പടിഞ്ഞാറു ലക്ഷ്യമാക്കി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗത്തേക്ക് വിമാനം ചലിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തിരച്ചില്‍ ഇപ്പോള്‍ ഈ മേഖലയിലേക്കും മാറ്റിയിട്ടുള്ളത്.

ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 42 കപ്പലുകളും 39 വിമാനങ്ങളുമാണ് വിമാനത്തിന്റെ തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഉപഗ്രഹചിത്രം ചൈന പുറത്തുവിട്ടിരുന്നു. വിയറ്റ്‌നാമിന് സമീപം കടലില്‍ വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന മൂന്ന് ഭാഗങ്ങള്‍ ഒഴുകിനടക്കുന്നതിന്റെ ചിത്രമാണ് ചൈന പുറത്തുവിട്ടത്. എന്നാല്‍ ചൈന പുറത്തുവിട്ട വിവരം തെറ്റാണെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ വ്യക്തമാക്കി.

കോലാലംപുരിലെ ചൈനീസ് എംബസി തന്നെയാണ് ചിത്രങ്ങള്‍ തെറ്റുപറ്റിയതാണെന്ന് വ്യക്തമാക്കിയതെന്നാണ് മന്ത്രി അറിയിച്ചത്. ബുധനാഴ്ചയാണ് ചൈന സ്്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സയന്‍സ് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അവകാശപ്പെട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്.വ്യോമഗതാഗതവുമായി സാങ്കേതികബന്ധം അവസാനിപ്പിച്ചതിനു ശേഷവും വിമാനം നാല് മണിക്കൂര്‍ പറന്നെന്ന വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്തയും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ ചൈനീസ് കടലില്‍ തിരച്ചിലിനായി 43 കപ്പലുകളും 40 വിമാനങ്ങളും നിയോഗിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ ഔദ്യോഗിക വൃത്തങ്ങള്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യാഴാഴ്ച മാത്രം അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളും അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. വിമാനദുരന്തവുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ധിക്കുന്നതിനിടയില്‍  മലേഷ്യ സത്യം പറയണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. വിമാനം കാണാതായതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഊഹാപോഹങ്ങള്‍ വ്യക്തമായി അന്വേഷിക്കാന്‍ മലേഷ്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ക്വിന്‍ ഗാങ് പറഞ്ഞു. എന്നാല്‍ മലേഷ്യന്‍ വിശദീകരണത്തില്‍ വ്യക്തതയില്ലെന്നായിരുന്നു ക്വിന്‍ വ്യക്തമാക്കിയത്.

അതേസമയം മലേഷ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് കാണാതായത് എന്നതിനാല്‍ ദൗത്യം ഏകോപിപ്പിക്കേണ്ടത് മലേഷ്യയാണെന്നും തിരച്ചില്‍ സുതാര്യമല്ലെങ്കില്‍ ദൗത്യം കൂടുതല്‍ ദുഷ്‌കരമാകുമെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞു.

മലേഷ്യയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ മൂന്ന് കപ്പലുകളും നാല് വിമാനങ്ങളും തിരിച്ചില്‍ തുടങ്ങിയിട്ടുണ്ട്. നാവികസേനയുടെ ഐ.എന്‍.എസ്. കുംഭിര്‍, ഐ.എന്‍.എസ്. സരയു കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ കനകലത ബറുവ എന്ന കപ്പലും ആന്തമാന്‍ ദ്വീപുകളില്‍നിന്ന് പുറപ്പെട്ടു. വിമാനം കണ്ടെത്തുന്നതിന് രുക്മിണി ഉപഗ്രഹത്തിന്റെ സേവനവും ഇന്ത്യ ഉപയോഗപ്പെടുത്തും.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച ഒന്നരയ്ക്കാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമായത്.കോലാംലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്ന ബോയിങ് 777200 ഇ.ആര്‍. വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് തീവ്രവാദ സാധ്യത അന്വേഷിക്കുന്നതിന് മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്തില്‍ യാത്രചെയ്ത രണ്ട് പേര്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായാണ് യാത്രചെയ്തതെന്ന് കണ്ടെത്തിയിരുന്നു, എന്നാല്‍ ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന്  തെളിഞ്ഞിരുന്നു.

Advertisement