എഡിറ്റര്‍
എഡിറ്റര്‍
കാണാതായ മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കിലുണ്ടായേക്കാമെന്ന് സൂചന
എഡിറ്റര്‍
Tuesday 11th March 2014 5:46pm

malesian-flight

ക്വോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കിലുണ്ടായേക്കാമെന്ന് സൂചനയില്‍ അന്വേഷണം തുടരുന്നു. സിവിലിയന്‍ എയര്‍ ട്രാഫിക്കുമായി വിമാനത്തില്‍ നിന്നും അവസാനമായി വിവരങ്ങള്‍ ലഭിച്ചത് ഇവിടെ നിന്നായിരുന്നതിനാലാണ് ഈ പ്രദേശത്തുണ്ടായേക്കുമെന്ന നിഗമനത്തില്‍ പരിശോധനാസംഘം എത്തിയിരിക്കുന്നത്.

മലേഷ്യയുടെ പടിഞ്ഞാറ് ഭാഗത്തെ മലാക്ക കടലിടുക്കില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ വിമാനത്തെ തങ്ങളുടെ റഡാറില്‍ ട്രാക്ക് ചെയ്യാനായതായി സൈന്യം അവകാശപ്പെട്ടു. സിവിലിയന്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോളും വിമാനവുമായുള്ള ആശയ വിനിമയം അവസാനമായി ലഭിച്ചിയിടത്തില്‍ നിന്നും ഏറെ അകലെയാണ് മലാക്ക കടലിടുക്ക്.

മലാക്കാ കടലിടുക്ക് ഉള്‍പ്പെടുന്ന മലേഷ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് ഇന്ന് രാവിലെ തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിമാനത്തെ കടലിടുക്കില്‍ ട്രാക്ക് ചെയ്യാനായതായി മലേഷ്യന്‍ സൈന്യത്തെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ മലേഷ്യയില്‍ നിന്ന് ബീജിങിലേക്ക് പോകുന്നതിനിടെ കാണാതായ വിമാനത്തില്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി കയറിയ രണ്ടുപേരില്‍ ഒരാള്‍ ഇറാന്‍ സ്വദേശിയാണെന്ന് സൂചന ലഭിച്ചു. എന്നാല്‍ ഇയാള്‍ക്ക് തീവ്രവാദബന്ധം ഉള്ളതായി കരുതുന്നില്ലെന്ന് മലേഷ്യന്‍ പൊലീസ് വ്യക്തമാക്കി.

പത്തൊമ്പതുകാരനായ പൗറിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദ് എന്ന ഇറാനിയന്‍ സ്വദേശിയാണ് മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ട്രാവല്‍ ഏജന്റില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇവരെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. രണ്ടാമത്തെ ആള്‍ എങ്ങനെയാണ് മോഷ്ടിച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ചതെന്നത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.

ഏറെ ദുരൂഹതകള്‍ ബാക്കിയാക്കിയാണ് 5 ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തെരച്ചിലാണ് വിമാനം കണ്ടെത്തുന്നതിനായി നടന്നു കൊണ്ടിരിക്കുന്നത്. 34 വിമാനങ്ങളും 40 കപ്പലുകളും 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എം എച്ച് 370 എന്ന വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുന്നത്.

തെക്കന്‍ ചൈനക്കടല്‍ ,തായ്‌ലന്റ് ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിട്ടും വിമാനത്തെയോ യാത്രക്കാരെയോ സംബന്ധിച്ച് സൂചനകള്‍ ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

മലേഷ്യക്കും വിയറ്റ്‌നാമിനുമിടയിലുള്ള സമുദ്ര മേഖലയും മലേഷ്യയിലെ വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു വിമാനം കാണാതായി ആദ്യ മണിക്കൂറുകളില്‍ തെരച്ചില്‍ നടത്തിയിരുന്നത്. വിമാനം ക്വാലാലംപൂരിലേക്ക് തിരിച്ച് പറന്നിരിക്കാമെന്ന റഡാര്‍ സന്ദേശങ്ങളിലെ സൂചനകളെ തുടര്‍ന്നാണ് തെരച്ചില്‍ ആന്‍ഡമാന്‍ സമുദ്രത്തിലേക്ക് നീട്ടിയത്.

Advertisement