എഡിറ്റര്‍
എഡിറ്റര്‍
മലേഷ്യന്‍ വിമാന അപകടം: തീവ്രവാദബന്ധം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം
എഡിറ്റര്‍
Sunday 9th March 2014 12:55pm

malasian-air-jet-missing

കോലാലംപുര്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനാപകടവുമായി ബന്ധപ്പെട്ട് തീവ്രവാദ സാധ്യത അന്വേഷിക്കുന്നതിന് മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായത്തോടെയാകും ഏജന്‍സി അന്വേഷണം നടത്തുക. ഗതാഗത സുരക്ഷാവിഭാഗം, ബോയിങ്, നാവികസേന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

വിമാനം കാണാതായതിന് പിന്നില്‍ തീവ്രവാദി ബന്ധമോ അട്ടിമറിസാധ്യതയോ തള്ളിക്കളയാറായിട്ടില്ലെന്ന് സുരക്ഷാ ഏജന്‍സി വക്താവ് അറിയിച്ചു.

വിമാനത്തില്‍ യാത്രചെയ്തിരുന്ന രണ്ടുപേര്‍ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച യൂറോപ്യന്‍ പാസ്‌പോര്‍ട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

അതിന് പുറമെ മറ്റ് രണ്ട് യാത്രക്കാരിലേക്ക കൂടി ഇത് സംബന്ധിച്ച് അന്വേഷണം നീളുന്നുണ്ട്.

ചൈന, മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങളും കപ്പലുകളും തിരച്ചില്‍ നടത്തുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 12.21ന് കോലാംലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്ന ബോയിങ് 777200 ഇ.ആര്‍. വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു. 152 ചൈനക്കാര്‍, 38 മലേഷ്യക്കാര്‍, 12 ഇന്‍ഡൊനീഷ്യക്കാര്‍, ആറ് ഓസ്‌ട്രേലിയക്കാര്‍, മൂന്ന് അമേരിക്കക്കാര്‍ തുടങ്ങി 14 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

പുലര്‍ച്ചെ 2.40ഓടെ മലേഷ്യയിലെ കോട്ടഭാരു നഗരത്തില്‍നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. അഹമ്മദ് ജവാഹരി യഹ്യ വ്യക്തമാക്കി. 19 വര്‍ഷം പഴക്കമുള്ളതാണ് അമേരിക്കന്‍ നിര്‍മിത വിമാനം.

തിരച്ചില്‍ നടത്തിയ വിയറ്റ്‌നാം സൈനികവിമാനങ്ങള്‍ കടലില്‍ എണ്ണപ്പാളി കണ്ടതായി റിപ്പോര്‍ട്ടുണ്ട്.

വിയറ്റ്‌നാമിലെ തോചു ദ്വീപീനു സമീപം കടലില്‍ വിമാനം തകര്‍ന്ന് വീണതായാണ് വിയറ്റ്‌നാം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Advertisement