പുനരാഖ്യാനം- സി ലതീഷ്‌കുമാര്‍

ലിസബത്ത് രാജ്ഞിയുടെ കാലത്ത് വളരെ പ്രസിദ്ധനായ ഒരു ചരിത്രകാരന്‍ ജീവിച്ചിരുന്നു. അദ്ദേഹം ഒരിക്കല്‍ തെരുവിലൂടെ നടന്നു പോകുകയായിരുന്നു.
തന്റെ തൊട്ട് മുന്‍പില്‍ വെച്ച് ഒരു ബഹളമുണ്ടാവുകയും ഒന്നു രണ്ടു പേര്‍ പരസ്പരം അടിപിടികൂടുന്നതും അദ്ദേഹം കാണുകയും ചെയ്തു. ഒരാള്‍ക്ക് കഠിനമായി മുറിവേറ്റിരുന്നു. ചെറുപ്പക്കാരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അവിടെ തടിച്ചുകൂടി. ഒരുപാട് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ എല്ലാവരും പിരിഞ്ഞുപോയി.

കുറച്ച് സമയത്തിന് ശേഷം അവിടെ നടന്ന സംഭവത്തെ കുറിച്ചു ചരിത്രകാരന്‍ ഒരാളോട് അന്വേഷിച്ചു. പൊടിപ്പും തൊങ്ങലും ചാര്‍ത്തി അയാള്‍ കാര്യങ്ങളവതരിപ്പിച്ചു.
പത്ത് മിനിട്ടിന്‌ശേഷം ചരിത്രകാരന്‍ മറ്റൊരാളോട് കാര്യങ്ങള്‍ തിരക്കി. നേരത്തെ സംസാരിച്ച ആളില്‍നിന്നും എത്രയോ ഭിന്നമായ കാര്യങ്ങളാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഒന്നുരണ്ടു മണിക്കൂറിന് ശേഷം ചരിത്രകാരന്‍ മറ്റൊരു ദൃക്‌സാക്ഷിയോട് വിവരങ്ങളന്വേഷിച്ചു. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അയാള്‍ക്ക് പറയാനുണ്ടായിരുന്നത്.

ചരിത്രകാരന്‍ ഒട്ടും വൈകാതെ അദ്ദേഹമെഴുതിയ ചരിത്ര ഗ്രന്ഥങ്ങളെല്ലാം ചുട്ടുകളഞ്ഞു.

വര- മജ്‌നി